സ്വർണവില വർധിക്കുമോ? ബാങ്കുകളുടെ ഇറക്കുമതി നികുതി ഇളവ് പിൻവലിച്ച് കേന്ദ്രം

ന്യൂഡൽഹി : സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവ ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾക്ക് നൽകിയിരുന്ന ജിഎസ്ടി ഇളവ് പിൻവലിച്ച് കേന്ദ്ര സർക്കാർ. ഇനിമുതൽ ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾക്ക് മൂന്ന് ശതമാനം സംയോജിത ചരക്ക് സേവന നികുതി (IGST) ബാധകമായിരിക്കും. നികുതി ഇളവ് പുതുക്കാത്തതിനെത്തുടർന്ന് ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ബാങ്കുകൾ നികുതി അടക്കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന വിലപിടിപ്പുള്ള ലോഹങ്ങൾക്ക് ഒരേ നികുതി വ്യവസ്ഥ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2017 മുതൽ ബാങ്കുകൾക്കും അംഗീകൃത ഏജൻസികൾക്കും സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ നികുതി ഇളവുണ്ട്. പിന്നീട് വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതിക്കും നികുതി ഇളവ് നൽകി. എന്നാൽ 2026 മാർച്ച് 31ന് കാലാവധി അവസാനിച്ചതോടെ കേന്ദ്ര സർക്കാർ ഉത്തരവ് പുതുക്കിയില്ല. ഇതോടെ ഏപ്രിൽ ഒന്നുമുതൽ ബാങ്കുകൾ ഇറക്കുമതി ചെയ്യുമ്പോൾ മൂന്ന് ശതമാനം ജിഎസ്ടി നൽകുകയാണ്.
സ്വർണവില കൂടുമോ?
ബാങ്കുകൾ നികുതിയായി മുൻകൂറായി നൽകുന്ന തുക, നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്ന സാഹചര്യത്തിൽ പിന്നീട് ഇൻപുട്ട് ടാക്സ് ആയി തിരിച്ചുപിടിക്കാനാകും. അതിനാൽ മൂന്ന് ശതമാനം ജിഎസ്ടി ബാങ്കുകൾക്ക് അധിക ചെലവായി മാറില്ല. എന്നാൽ നികുതി മുൻകൂറായി അടയ്ക്കേണ്ടതുണ്ട്.
ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്തിയത് കാരണം സ്വർണത്തിന്റെയോ വെള്ളിയുടെയോ വില വർധിക്കുമെന്ന് പറയാനാകില്ല. വിപണിയിലെ ആവശ്യകത, അന്താരാഷ്ട്രതലത്തിൽ സ്വർണത്തിന്റെയും ക്രൂഡ് ഓയിലിന്റെയും വില, രൂപയുടെ വിനിമയനിരക്ക്, കസ്റ്റംസ് തീരുവ തുടങ്ങിയ ഘടകങ്ങൾ സ്വർണ വിലയെ സ്വാധീനിക്കും. ഇന്ത്യയിൽ സ്വർണത്തിന്റെ ആഭ്യന്തര ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ ഇറക്കുമതി നടപടികളിലെ മാറ്റങ്ങൾ വിപണിയെ ബാധിക്കുമെങ്കിലും പുതിയ ജിഎസ്ടി നിലവിൽ വന്നതിനാൽ ഉടൻ വിലവർധനയുണ്ടാകുമെന്ന് ഉറപ്പിക്കാനാവില്ല.








0 comments