ഡൽഹി അന്താരാഷ്ട്ര വ്യാപാരമേള; കയർ ഉൽപ്പന്നങ്ങളുടെ വൈവിധ്യ ശേഖരവുമായി കയർ വികസന ഡയറക്ടറേറ്റ് സ്റ്റാൾ

ന്യൂഡൽഹി : കയർ ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ശ്രേണികൊണ്ട് സമൃദ്ധമായി ഡൽഹി അന്താരാഷ്ട്ര വ്യാപാരമേളയിലെ കയർ വികസന ഡയറക്ടറേറ്റിന്റെ സ്റ്റാൾ. കേരള പവലിയനിലെ മൂന്നാം നമ്പർ സ്റ്റാളിൽ എത്തുന്നവരിൽ സന്ദർശകരെക്കാളേറെ ബിസിനസ് ഉപഭോക്താക്കളാണ്. കയർ അവശിഷ്ടങ്ങളും റബർ പാലും ചേർത്തു നിർമിച്ച ചെടിച്ചട്ടികളാണ് സ്റ്റാളിലെ പ്രധാന ആകർഷണം.

ദീർഘകാലം നീണ്ടുനിൽക്കുന്നതും വീടിന്റെ അകത്തളങ്ങളിൽ അലങ്കാര ചെടികൾ വയ്ക്കാൻ അനുയോജ്യവുമാണ് ഇവ. വിലയും കുറവാണ്. 12 ഇഞ്ച് വലിപ്പമുള്ളതിന് 81 രൂപയാണ് വില. അഞ്ച് ഇഞ്ചും മൂന്ന് ഇഞ്ചും വലുപ്പമുള്ളവയ്ക്ക് യഥാക്രമം 47 രൂപ, 17 രൂപ എന്നിങ്ങനെയാണ് വില. വിവിധ വലിപ്പത്തിലും ഡിസൈനിലുമുള്ള ചവിട്ടികളുടെ വൻശേഖരവും സ്റ്റാളിലുണ്ട്. ഇവയുടെ വില 120 മുതൽ 225 രൂപ വരെയാണ്. വീടിനുൾഭാഗം അലങ്കരിക്കാൻ ഉപയോഗിക്കാവുന്ന കയർ കരകൗശല വസ്തുക്കളും വാങ്ങാനാവും.

വ്യവസായ വകുപ്പിനു കീഴിൽ തിരുവന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കയർ വികസന ഡയറക്ടറേറ്റിന്റെ കീഴിൽ 1.5 ലക്ഷത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. ഇതിൽ 84 ശതമാനവും വനിതകളാണ്. പ്രധാനമായും ആലപ്പുഴ ജില്ലയിലാണ് ഉത്പാദക സംഘങ്ങൾ കൂടുതലായി പ്രവർത്തിക്കുന്നത്. സംസ്ഥാനമൊട്ടാകെ 150 ലേറെ സംഘങ്ങൾ കയർ ഉത്പന്ന നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൊയർ ഫെഡ് , കൊയർ ക്രാഫ്ട് , ഫോമിൽ എന്നിവയുടെ ഉത്പന്നങ്ങളാണ് കയർ വികസന ഡയറക്ടറേറ്റ് തദ്ദേശീയമായും കയറ്റുമതിയായും വിപണനം നടത്തുന്നത്. കയർ ഭൂവസ്ത്രം, മെത്തകൾ, അപ്‌ഹോൾസ്റ്ററി, കൃഷിക്കുള്ള ചകിരിച്ചോറ് തുടങ്ങിയവയും ഇവർ വിൽപ്പന നടത്തുന്നുണ്ട്.









0 comments