22 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി ഹോട്ടൽ തീപിടിത്തം; മാനേജർ കീഴടങ്ങി

ന്യൂഡൽഹി: ഡൽഹി മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ഹോട്ടൽ മാനേജർ അഞ്ചാം ദിവസം കോടതിയിൽ കീഴടങ്ങി. 'ഫ്ലറിഷ് ഇൻ' ഹോട്ടൽ മാനേജരായ ജയ് മിശ്രയാണ് കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 8:30-ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ നടുക്കിയ ദുരന്തമുണ്ടായത്. 9 ഇന്ത്യക്കാരും 12 വിദേശികളും ഉൾപ്പെടെ 21 പേർ സംഭവസ്ഥലത്തും, പരിക്കേറ്റ നൈജീരിയൻ സ്വദേശി പിന്നീട് ആശുപത്രിയിലുമാണ് മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ കെട്ടിടത്തിന്റെ ഉടമ ലവ്കേഷ് ബജാജിനെ ഡൽഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലവ്കേഷിനും ഭാര്യയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. രണ്ട് നിലകളുള്ള കെട്ടിടമായി ബിസിനസ് ആരംഭിച്ച ലവ്കേഷ് പിന്നീട് മുകളിലേക്ക് രണ്ടര നിലകൾ കൂടി അനധികൃതമായി നിർമ്മിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആറ് മുറികൾക്ക് മാത്രം അനുമതിയുള്ള 'ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്' (BnB) പദ്ധതി പ്രകാരമുള്ള ലൈസൻസ് ഉപയോഗിച്ച് ബേസ്‌മെന്റിലടക്കം 25 മുറികളാണ് ഇയാൾ പ്രവർത്തിപ്പിച്ചിരുന്നത്. ലവ്കേഷ് ആണ് ഹോട്ടലിന്റെ ഉടമയെങ്കിലും നടത്തിപ്പ് ചുമതല പൂർണ്ണമായും ജയ് മിശ്രയ്ക്കായിരുന്നു. ഹോട്ടലിന്റെ ലൈസൻസുകളെല്ലാം മിശ്രയുടെ പേരിലാണ് എടുത്തിട്ടുള്ളത്.
അപകടവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനായ കേശവ് നേഗിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേശവ് നേഗിയുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓൺ ചെയ്തയുടൻ അത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും, പുക ഉയർന്നതോടെ ഹോട്ടലിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് താൻ പുറത്തേക്ക് ഓടുകയായിരുന്നുവെന്നും നേഗി പൊലീസിനോട് പറഞ്ഞു. അഞ്ച് നിലകളുള്ള കെട്ടിടത്തിൽ ആകെ ഒരു പ്രവേശന കവാടം മാത്രമാണുണ്ടായിരുന്നത്. ജനലുകൾ പൂർണ്ണമായും സീൽ ചെയ്ത നിലയിലായിരുന്നതും സെൻസർ പ്രവർത്തിക്കുന്ന പ്രധാന വാതിൽ പണിമുടക്കിയതും ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.









0 comments