പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ ചേരികൾ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചേരികൾ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തീർത്തും ദരിദ്രരായ മനുഷ്യർ താമസിക്കുന്ന ഈ പ്രദേശം അടിയന്തരമായി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
കല്യാൺ പുരിയിലെയും പരിസരത്തെയും ചേരി നിവാസികളെയാണ് ഈ നടപടി ബാധിക്കുക. തങ്ങളെ ഒഴിപ്പിക്കുന്നതിനെതിരെ ചേരി നിവാസികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. മേഖല അതീവ സുരക്ഷാ പ്രാധാന്യമുള്ളതാണെന്നും അതിനാൽ അനധികൃത കൈയേറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
പകരമായി താമസസൗകര്യം ഒരുക്കാതെ തങ്ങളെ തെരുവിലേക്ക് ഇറക്കരുതെന്ന ചേരി നിവാസികളുടെ വാദം കോടതി പൂർണ്ണമായും തള്ളി. ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി, ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ് എന്നിവർക്കാണ് ഒഴിപ്പിക്കൽ നടപടികൾക്ക് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇത്തരം കോളനികളിൽ കഴിയുന്നവരുടെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ചും അവർക്ക് നൽകേണ്ട പകരമുള്ള ഭൂമിയെക്കുറിച്ചും ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കോടതിയുടെ ഈ നിർണ്ണായക വിധി. വരും ദിവസങ്ങളിൽ തന്നെ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.










0 comments