ad
Deshabhimani

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി

Delhi.jpg
വെബ് ഡെസ്ക്

Published on Sep 07, 2026, 04:57 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ പിജി ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. പുറത്തുനിന്നും പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ താമസൗകര്യം വളരെ പരിതാപകരമാണെന്നും ഇതിനൊരു അറുതി വരുത്തണമെന്നും കോടതി പറഞ്ഞു.


സംഭവത്തിൽ ഡൽഹി നഗരസഭ ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. കെട്ടിടത്തിന്റെ ഉടമ ഹരിറാം ഗുപ്തയെ രാജസ്ഥാനിലെ ഭിവാഡിയിൽ നിന്ന് അറസ്റ്റ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. കാലപ്പഴക്കമുള്ള കെട്ടിടത്തിന് അനധികൃതമായി പ്രവർത്തിക്കാൻ അനുമതി നൽകിയതിനാണ് സസ്പെൻഷൻ.


അനധികൃത നിർമാണങ്ങൾക്ക് ഉദ്യോഗസ്ഥർ അനുമതി നൽകരുതെന്നും, അത്തരം കേസുകളിൽ കെട്ടിട വകുപ്പിനെ ഉത്തരവാദിത്തപ്പെടുത്തുമെന്നും എംസിഡി കമ്മീഷണർ സഞ്ജീവ് ഖിർവാർ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് അഞ്ച് നിലയുള്ള കെട്ടിടം തകർന്നുവീണത്.


കെട്ടിടത്തിന്റെ ബേസ്മെന്റിൽ അനുമതിയില്ലാതെ നിർമാണ പ്രവർത്തികൾ നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പെയ്ത മഴയിൽ ബേസ്മെന്റിൽ വെള്ളം കയറിയിരുന്നു. ഇതിനോടൊപ്പം കെട്ടിടത്തിന്റെ കാലപ്പഴക്കവും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു.


അപകടത്തിൽ ഏഴ് പേർ മരിച്ചു. ഇതുവരെ 12 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home