ad
Deshabhimani

പ്രിയദർശിനിയിൽ തകർന്നടിഞ്ഞു, നഷ്ടം 150 കോടിക്ക് മുകളിൽ; നിരക്ക് വർധനയിലുറച്ച് സ്വകാര്യ ബസുടമകൾ

private Bus

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 07, 2026, 04:55 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ​ഗ​താ​ഗതമന്ത്രി സി പി ജോൺ. യാത്രാ നിരക്ക് 15 രൂപയായി വർധിപ്പിക്കണമെന്നാണ് ഉയർത്തിയിരിക്കുന്ന പ്രധാന ആവശ്യം. ഇത് പുതിയ അറിവാണെന്നും ബസുടമകൾ മുൻപ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി പദ്ധതി വന്നതിന് ശേഷം സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം നിരക്ക് വർധനയും ആവശ്യപ്പെട്ടിരുന്നുവെന്നും പറഞ്ഞ ഉട‌മകൾ മന്ത്രിയു‌ടെ വാദം തള്ളിക്കളഞ്ഞു.


പ്രിയദർശിനി പദ്ധതി ജൂൺ 15-ാം തീയതി പ്രഖ്യാപിച്ചതുമുതൽ സ്വകാര്യ ബസ് മേഖലയുടെ ആകെ നഷ്ടം 150 കോടി രൂപയ്ക്ക് മുകളിലാണ്. ഈ പ്രതിസന്ധി മറികടക്കാൻ നിരക്ക് വർധന അനിവാര്യമാണെന്നും ഉടമകൾ കൂട്ടിച്ചേർത്തു. ഇതോടൊപ്പം വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി ഒരുക്കണമെന്നതുമാണ് മറ്റ് ആവശ്യങ്ങൾ. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമെന്ന് ചൂണ്ടിക്കാണിച്ചാണ് സമരപരിപാടികൾ തീരുമാനിച്ചിരുന്നത്.


പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് മേഖലയ്ക്ക് ​ഗുണംചെയ്യുന്ന റിപ്പോർട് അല്ലെന്ന് ചൂണ്ടിക്കാണിച്ച് നാളെ സമരം പ്രഖ്യാപിക്കാനിരിക്കെയാണ് ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി അറിയിച്ചത്.


ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്നും ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കുമെന്നും ബസുടമകളും അറിയിച്ചു. അഞ്ഞൂറിലധികം ബസുകൾ കട്ടപ്പുറത്തായി. സർവീസുകൾ വെട്ടിക്കുറച്ചു. സർക്കാർ സഹായമില്ലാതെ ഇനിയും മുൻപോട്ടു പോകാൻ കഴിയാത്ത സാഹചര്യമാണെന്നും ബസുടമകൾ പറയുന്നു.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home