ad
Deshabhimani

അശ്ലീല ആപ്പുകൾ നീക്കം ചെയ്യൂ; ഗൂഗിളിനും ആപ്പിളിനും ഹൈക്കോടതി ഉത്തരവ്

delhi highcourt
വെബ് ഡെസ്ക്

Published on May 14, 2026, 09:57 AM | 1 min read

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി ഡൽഹി ഹൈക്കോടതി. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവയിൽ ഹോസ്റ്റ് ചെയ്തിട്ടുള്ള ഇത്തരം ആപ്പുകൾ ഉടൻ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. സോഷ്യൽ മീഡിയ ഇടനിലക്കാർ ആപ്പുകൾ അപ്‌ലോഡ് ചെയ്യുന്ന ഘട്ടത്തിൽ തന്നെ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.


“രാജ്യത്തെ ഒരു തലമുറയെ മുഴുവൻ നശിപ്പിക്കാൻ ഞങ്ങൾക്ക് അനുവദിക്കാനാവില്ല. ഭരണഘടനയുടെ 19-ാം അനുച്ഛേദം നൽകുന്ന എല്ലാ സ്വാതന്ത്ര്യങ്ങളും ഞങ്ങൾ മാനിക്കുന്നു, എന്നാൽ അതിന്റെ അർത്ഥം അശ്ലീലത പ്രചരിപ്പിക്കാൻ അനുവദിക്കുമെന്നല്ല,” എന്ന് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പരാതി ലഭിക്കുമ്പോൾ ഉള്ളടക്കം നീക്കം ചെയ്യുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഇടനിലക്കാരുടെ പങ്ക്. ആപ്പുകൾ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാക്കുന്നതിന് മുമ്പ് തന്നെ അവ പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഗൂഗിളിനും ആപ്പിളിനുമുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു.


സോഷ്യൽ നെറ്റ്‌വർക്കിംഗ്, ലൈവ് സ്ട്രീമിംഗ് ആപ്പുകളുടെ മറവിൽ അശ്ലീല ഉള്ളടക്കവും മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റൂബിക താപ്പ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് വിധി. ഇത്തരം ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന്റെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനോടും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോടും ടെക് കമ്പനികളോടും കോടതി ആവശ്യപ്പെട്ടു. കേസ് ജൂലൈ 17ന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home