മാതൃത്വം അയോഗ്യതയല്ല, പ്രതികാരബുദ്ധിയോടെ പെരുമാറരുതെന്ന് കോടതി; വിനേഷ് ഫോഗട്ടിന് മത്സരിക്കാൻ കളമൊരുങ്ങുന്നു

വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള തീരുമാനത്തിൽ റെസ്‌ലിങ് ഫെഡറേഷനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിനേഷിന്റെ കേസ് പരിശോധിച്ച് വിലയിരുത്തുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
മെയ് 18ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് ഫെഡറേഷന്റെ നിലപാടിനെ ചോദ്യം ചെയ്തത്. പ്രശസ്തരായ കായികതാരങ്ങളെ മത്സരിക്കാൻ അനുവദിക്കുന്ന മുൻകാല രീതികളിൽ നിന്ന് ഫെഡറേഷൻ പെട്ടെന്ന് വ്യതിചലിച്ചത് പലതും വിളിച്ചോതുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രസവാവധിക്കുശേഷം ഗുസ്തിയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഫോഗട്ടിന്, ഈ വർഷത്തെ ഏഷ്യൻ ഗെയിംസിനായി മെയ് 30, 31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി.
രാജ്യത്ത് മാതൃത്വം എപ്പോഴും ആഘോഷിക്കപ്പെടാറുള്ളതാണെന്ന് അടിവരയിട്ടു പറഞ്ഞ കോടതി, ഗുസ്തി ഫെഡറേഷൻ ഒരു കായികതാരത്തോട് ‘പ്രതികാരബുദ്ധിയോടെ’ പെരുമാറരുതെന്നും ഓർമിപ്പിച്ചു.
ചില പ്രത്യേക സാഹചര്യങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് നൽകാൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ചട്ടക്കൂട് അനുവദിക്കുന്നുണ്ടെന്ന് ഹർജി പരിഗണിക്കവെ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വിദഗ്ധ സമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സമയം അനുവദിച്ചുകൊണ്ട്, കേസ് അന്ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ജൂൺ 26 വരെ നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റ് ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നാണ് മെയ് ഒൻപതിലെ നോട്ടീസിലൂടെ വിനേഷിനെ വിലക്കിയിരുന്നത്. നോട്ടീസിൽ, വിനേഷ് ഫോഗട്ടിനെതിരെ അച്ചടക്കലംഘനവും ഉത്തേജക വിരുദ്ധ (ആന്റി-ഡോപ്പിംഗ്) നിയമങ്ങളുടെ ലംഘനവും ഫെഡറേഷൻ ആരോപിച്ചിരുന്നു. വിരമിക്കലിൽ നിന്ന് തിരിച്ചുവരുന്ന കായികതാരങ്ങൾ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗിന്റെ ആന്റി-ഡോപ്പിംഗ് ചട്ടപ്രകാരം നൽകേണ്ട ആറുമാസത്തെ നിർബന്ധിത നോട്ടീസ് കാലാവധി പൂർത്തിയാക്കുന്നതിൽ താരം പരാജയപ്പെട്ടു എന്നായിരുന്നു ഫെഡറേഷന്റെ വാദം.
മുൻ ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാളാണ് താനെന്ന് ഈ മാസം ആദ്യം വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. 2023 ഏപ്രിൽ, മേയ് മാസങ്ങളിൽ ബ്രിജ് ഭൂഷണെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ 36 ദിവസം നീണ്ടുനിന്ന ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം സമരത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു വിനേഷ് ഫോഗട്ട്.










0 comments