മദ്യനയക്കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യം, ബെഞ്ചിൽനിന്ന് ജസ്റ്റിസ് തേജസ് കരിയ സ്വയം പിൻമാറി

ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തേജസ് കരിയ പിന്മാറി. ബുധനാഴ്ച ചീഫ് ജസ്റ്റിസ് ഡി കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഈ പൊതുതാൽപര്യ ഹർജി എത്തിയിരുന്നത്. വ്യാഴാഴ്ച കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.
മദ്യനയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ നിന്നാണ് ജസ്റ്റീസ് കരിയ പിൻമാറിയിരിക്കുന്നത്. ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുൻപ് പ്രമുഖ നിയമസ്ഥാപനത്തിൽ പങ്കാളിയായിരുന്ന ജസ്റ്റിസ് തേജസ് കരിയ ഈ കേസിൽ കക്ഷികളായ മെറ്റ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ കമ്പനികൾക്ക് വേണ്ടി ഹാജരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം പിന്മാറ്റം പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്‌രിവാളിന്റെ മദ്യനയക്കേസ് പരിഗണിക്കുന്നതിനിടെ കോടതി നടപടികൾ നിയമവിരുദ്ധമായി റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്നതാണ് ഈ കേസിലെ പ്രധാന പരാതി.
അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയ എഎപി നേതാക്കൾക്ക് പുറമെ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സ് (X), ഗൂഗിൾ, മെറ്റ എന്നിവരും കേസിൽ കക്ഷികളാണ്.
ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത തുടരുന്നു
നേരത്തെ, മദ്യനയക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയെ മാറ്റണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആവശ്യം നിരസിക്കപ്പെട്ടു. തെളിവുകളില്ലാതെ ജഡ്ജിമാരെ മാറ്റാൻ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു നിരീക്ഷണം.
അന്ന് രാഷ്ട്രീയ ബന്ധങ്ങളാണ് ആരോപിക്കപ്പെട്ടത്. ആർഎസ്എസിന്റെ അഭിഭാഷക വിഭാഗമായ 'അഖില ഭാരതീയ അധിവക്ത പരിഷത്ത്' സംഘടിപ്പിച്ച പരിപാടികളിൽ ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത പങ്കെടുത്തത് കെജ്‌രിവാൾ ചോദ്യം ചെയ്തു. എഎപിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ സംഘടനയുമായുള്ള ഇത്തരം ബന്ധങ്ങൾ നിഷ്പക്ഷതയെ ബാധിക്കുമെന്ന് അദ്ദേഹം വാദിച്ചു.
മാത്രമല്ല ജസ്റ്റിസ് സ്വർണ്ണകാന്ത ശർമ്മയുടെ മകനും മകളും കേന്ദ്ര ഗവൺമെന്റിന്റെ പാനൽ അഭിഭാഷകരായി (Central Government Counsel) പ്രവർത്തിക്കുന്നുണ്ടെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസിയായ സിബിഐ (CBI) കക്ഷിയായ കേസിൽ, ജഡ്ജിയുടെ മക്കൾ കേന്ദ്രത്തിന് വേണ്ടി ഹാജരാകുന്നത് താൽപര്യ സംഘർഷമുണ്ടാക്കുമെന്നും ആരോപിക്കപ്പെട്ടു. എന്നാൽ ഈ കേസിൽ നിന്ന് സ്വര്‍ണ്ണകാന്ത പിൻമാറിയിരുന്നില്ല.
സെമിനാറുകളിലും വനിതാ ദിനാഘോഷങ്ങളിലും പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവർത്തനമല്ല. അത്തരം പരിപാടികളിൽ പങ്കെടുത്തു എന്നത് ജഡ്ജിയുടെ നിഷ്പക്ഷതയെ ബാധിക്കില്ല എന്നായിരുന്നു വാദം. കോടതിയും തുടരാൻ അനുമതി നൽകി. ഇതിന് വിരുദ്ധമായി തേജസ് കരിയ കോടതിയലക്ഷ്യ കേസിൽ സ്വയം പിൻമാറ്റം പ്രഖ്യാപിക്കയാണ് ചെയ്തിരിക്കുന്നത്.










0 comments