ഹരിയാന ഭൂമിയിടപാട് കേസ്: റോബർട് വദ്ര മെയ് 16-ന് കോടതിയിൽ ഹാജരാകണം

ഫയൽ ചിത്രം
ന്യൂഡൽഹി: ഹരിയാനയിലെ ഷിക്കോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റോബർട് വദ്രയ്‌ക്കെതിരായ കുറ്റപത്രം ഡൽഹി കോടതി ഫയലിൽ സ്വീകരിച്ചു. കുറ്റപത്രം പരിഗണിച്ച സ്പെഷ്യൽ ജഡ്ജി സുശാന്ത് ചംഗോത്ര വദ്രയോടും മറ്റ് പ്രതികളോടും മെയ് 16-ന് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടു.
2025 ജൂലൈയിൽ ആണ് ഇ ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബിസിനസുകാരനും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട് വദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസുകളിൽ ആദ്യത്തെ കുറ്റപത്രമായിരുന്നു ഇത്. 2025 ഏപ്രിലിൽ വദ്രയെ ഇ ഡി വിശദമായി ചോദ്യം ചെയ്തു. ഇതിന് തുടര്‍ച്ചയായി, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതി കുറ്റപത്രം ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.
2008-ൽ ഹരിയാനയിലെ കോൺഗ്രസ് ഭരണകാലത്ത് 7.5 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി 2012-ൽ 58 കോടി രൂപയ്ക്ക് റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന് മറിച്ചുവിറ്റതാണ് കേസിനാധാരം. റോബർട് വദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി നടത്തിയ ഇടപാടാണിത്.
ഇടപാടിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംക ഭൂമിയുടെ പോക്കുവരവ് (Mutation) റദ്ദാക്കിയതോടെയാണ് കേസ് വിവാദമായി ഉയര്‍ന്നു വന്നത്.
ഈ കേസിന് പുറമെ, രാജസ്ഥാനിലെ ബിക്കാനീർ ഭൂമി ഇടപാടിലും ലണ്ടനിലെ ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിലും വദ്ര അന്വേഷണം നേരിടുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് തനിക്കെതിരായ കേസുകൾ എന്നാണ് വദ്രയുടെ നിലപാട്.










0 comments