Deshabhimani

യുട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ വീണ്ടും ജാമ്യമില്ലാ വാറണ്ട്, നടപടി 2018 ൽ രജിസ്റ്റര്‍ ചെയ്ത കേസിൽ

druv rathee
വെബ് ഡെസ്ക്

Published on Nov 23, 2026, 04:26 PM | 1 min read

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കും നടപടികള്‍ക്കും എതിരായ നിരന്തര വിമര്‍ശകൻ പ്രശസ്ത യുട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ബിജെപി ഐടി സെല്ലുമായി ബന്ധപ്പെട്ട 2018 ലെ ഒരു മാനനഷ്ടക്കേസിലാണ് ഡൽഹി കോടതിയുടെ നടപടി.


വികാസ് പാണ്ഡെ എന്നറിയപ്പെടുന്ന വികാസ് സംസ്കൃത്യായൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. തനിക്കെതിരെ അപകീർത്തികരമായ വീഡിയോ അപ്‌ലോഡ് ചെയ്തുവെന്ന് ആരോപിച്ചാണ് വികാസ് പാണ്ഡെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ കേസിൽ 2019 ജൂലൈയിൽ കോടതി റാഠിക്ക് ആദ്യമായി സമൻസ് അയച്ചിരുന്നു. 'ഐ സപ്പോർട്ട് നരേന്ദ്ര മോദി' എന്ന സോഷ്യൽ മീഡിയ പേജിന്റെ സ്ഥാപകനാണ് പരാതിക്കാരൻ.


ഇന്ന് കേസ് വീണ്ടും പരിഗണിച്ച കോടതി തുടർനടപടികൾക്കായി ഡിസംബർ 3-ലേക്ക് മാറ്റി. കോടതിയുടെ വിശദമായ ഉത്തരവ് ഉടൻ പുറത്തുവരും. നേരത്തെ ഒക്ടോബർ 17-ന് കോടതി റാഠിക്കെതിരെ ജാമ്യമുള്ള വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നോട്ടീസ് കൈമാറാനായി എത്തിയ പ്രോസസ് സെർവർ റാഠിയുടെ വീട് പൂട്ടിക്കിടക്കുകയാണ് എന്ന് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേൽവിലാസത്തിൽ കോടതി പുതിയ സമൻസും അയച്ചു. പിന്നീട് ഒക്ടോബർ 31-നും കോടതി വീണ്ടും ജാമ്യമുള്ള വാറണ്ട് പുറപ്പെടുവിച്ചിരുന്നു.


കേസിന് ആസ്പദമായ ധ്രുവ് റാഠിയുടെ ഈ വീഡിയോ അന്നത്തെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാൾ റീട്വീറ്റ് ചെയ്തിരുന്നു. ഇതോടെ കെജ്‌രിവാളിനെയും കേസിൽ പ്രതിചേർക്കുകയുണ്ടായി. ബിജെപി ഐടി സെൽ പരാതിക്കാരൻ വഴി വ്യാജ പ്രചാരണങ്ങള്‍ക്ക് കാശ് നൽകുന്നതുമായി ബന്ധപ്പെട്ട വീഡിയോ ആയിരുന്നു.


ധ്രുവ് റാഠി സ്ഥിരമായി ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും, ഡൽഹിയിൽ നടന്ന 'കോക്രോച്ച് ജനതാ പാർട്ടി' പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ മാത്രമാണ് അദ്ദേഹം ഇന്ത്യയിലെത്തിയതെന്നും റാഠിയുടെ അഭിഭാഷകൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.


റാഠിയുടെ പ‍ൗരത്വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തര മന്ത്രാലയത്തിന്‌ ബിജെപി പരാതി നൽകിയിരുന്നു. ജന്തർമന്തർ സമരത്തിനുമുന്നോടിയായി ഹരിയാനയിലെ വീട്ടിലേക്ക്‌ ഇരച്ചുകയറി കസ്റ്റഡിയിലെടുക്കുകയുംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home