ബുക്കിങ്ങിലും വിതരണത്തിലും തകരാറുകൾ; പാചകവാതകമില്ലാതെ വലഞ്ഞ് ജനം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സെർവർ തകരാറുകളും ബുക്കിംഗ് പ്രശ്നങ്ങളും മൂലം പാചകവാതകം കിട്ടാതെ വലഞ്ഞ് ജനം. സെർവർ തകരാറുകൾ, ബുക്കിങ് നിയന്ത്രണങ്ങൾ, ഒടിപി വെരിഫിക്കേഷനിലെ സാങ്കേതികപ്രശ്നങ്ങൾ എന്നിവയാണ് ഇപ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
ഒരേസമയം കൂടുതൽ പേർ ഐവിആർഎസ് (IVRS), വാട്‌സ്ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന സർവർ തടസങ്ങൾ രൂക്ഷമായി മാറിയിരിക്കുകയാണ്. കൂടാതെ, ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യുന്നതിനുള്ള കുറഞ്ഞ ഇടവേള നിലവിൽ 25 ദിവസമായി നിജപ്പെടുത്തിയിട്ടുണ്ട്.
ഒരു സിലിണ്ടർ ലഭിച്ച് 25 ദിവസം തികയുന്നതിന് മുൻപ് അടുത്തത് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇത് നിരസിക്കപ്പെടുകയാണ്. സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയോ ഒടിപി വരാതിരിക്കുകയോ ചെയ്താൽ ബുക്കിങ് പൂർണമായും റദ്ദായിപ്പോകുന്ന അവസ്ഥയുമുണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത് റദ്ദാകുമ്പോൾ ഉപഭോക്താക്കൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബയോമെട്രിക് ഇ-കെവൈസി (e-KYC) പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് സബ്‌സിഡി മുടങ്ങുന്നതിനൊപ്പം റീഫിൽ ബുക്കിങ്ങിലും തടസ്സങ്ങൾ നേരിടുന്നുണ്ട്.
എന്നാൽ ഓതെന്റിക്കേഷൻ പൂർത്തിയാക്കാൻ ശ്രമിക്കുമ്പോൾ സെർവർ തകരാറിലാക്കുന്നു എന്നും പരാതിയുണ്ട്. വാഗ്ദാനങ്ങളെ കാറ്റിൽപറത്തി പാചകവാതക വില ഉയർത്തുന്നതിനോടൊപ്പം തന്നെ ബുക്കിംഗ് സംവിധാനങ്ങളും തകരാറിലായത് ഉപഭോക്താക്കളെ ദുരിതക്കയത്തിലാക്കിയിരിക്കുകായാണ്.







0 comments