ad
Deshabhimani

രണ്ട് ദിവസം വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ; നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാരും

rekha gupta

രേഖ ​ഗുപ്ത

വെബ് ഡെസ്ക്

Published on May 14, 2026, 06:29 PM | 1 min read

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെലവ് ചുരുക്കൽ നാടകത്തിന് പിന്നാലെ സമാന ആഹ്വാനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയും. എല്ലാ ഡൽഹി സർക്കാർ ജീവനക്കാരും ആഴ്ചയിൽ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് നിർദേശം. ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓൺലൈനായി നടത്തും. ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി ഡൽഹി സർക്കാരും എംസിഡിയും (MCD) ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്തുമെന്നുമാണ് പുതിയ അറിയിപ്പ്.


സർക്കാർ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോൾ പരിധി 20 ശതമാനം കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങില്ല. സർക്കാർ ജീവനക്കാർക്കായി 29 കോളനികളിൽ നിന്ന് 58 പ്രത്യേക ബസുകൾ സർവീസ് നടത്തും. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് "മെട്രോ ദിനം", ആഴ്ചയിലൊരിക്കൽ "നോ കാർ ദിനം" (കാർ ഉപയോ​ഗിക്കാത്ത ദിവസം) എന്നിവ ആചരിക്കണമെന്നുമാണ് നിർദേശങ്ങൾ.


പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി നേരിടുന്നതിൽ പരാജയപ്പെട്ടതോടെ രാജ്യം കടുത്ത നിയന്ത്രണത്തിലേക്കെന്നാണ് സൂചന. ചെലവ് ചുരുക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് രംഗത്ത് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കുള്ള സുരക്ഷാ വാഹനവ്യൂഹം പകുതിയായി വെട്ടികുറയ്ക്കാൻ നിര്‍ദ്ദേശം നൽകിയിരുന്നു. തൊട്ടു പിന്നാലെ ആഭ്യന്തര മന്ത്രി അമിത്ഷായും സമാനമായ നടപടി പ്രഖ്യാപിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സുരക്ഷാസംവിധാനങ്ങൾക്ക്‌ കൃത്യമായ മാർഗനിർദേശം ഉള്ളതിനാൽ ഇതിൽ കുറവ്‌ വരുത്തൽ പ്രായോഗികമായി സാധ്യമല്ല.


ഇന്ധന ഉപഭോഗം കുറയ്ക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കുക, വിദേശ യാത്രകൾ ഒഴിവാക്കുക, ഡെസ്റ്റിനേഷൻ വെഡിംഗുകൾ (Destination Weddings) ഒഴിവാക്കുക, സാധ്യമാകുന്നിടത്തെല്ലാം പൊതുഗതാഗതം ഉപയോഗിക്കുക, കാർപൂളിംഗ് (Carpooling) പ്രോത്സാഹിപ്പിക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (WFH) ഓപ്ഷനുകൾ ഉപയോഗിക്കുക എന്നിവയായിരുന്നു പ്രധാനമന്ത്രി പൊതുജനങ്ങൾക്ക് നൽകിയ നിർദേശം. ഇറാൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ എന്നിവ മൂലം ആഗോളതലത്തിൽ ഊർജ്ജ വില വർദ്ധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശക്തമായി ബാധിച്ചിട്ടുണ്ട്. എന്നാൽ പ്രതിസന്ധിയുണ്ടെന്ന് തുറന്ന് സമ്മതിക്കാത്ത കേന്ദ്ര സർക്കാർ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home