print edition നിയന്ത്രണമില്ലാതെ പടക്കങ്ങൾ പൊട്ടി; വിഷം ശ്വസിച്ച് ഡൽഹി

ദീപാവലി കഴിഞ്ഞതോടെ വായുമലിനീകരണം രൂക്ഷമായ ഡൽഹി രഞ്ജിത് സിങ് മാർഗിൽ തിങ്കൾ രാവിലെ 7നുള്ള കാഴ്ച | ഫോട്ടോ : പി വി സുജിത്
ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനുപിന്നാലെ ഡൽഹിയിൽ നിറഞ്ഞ വിഷപ്പുകയിൽ വലഞ്ഞ് ജനങ്ങൾ. ഹരിതപടക്കങ്ങൾ മാത്രമേ പൊട്ടിക്കാവൂ എന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാരും സംഘപരിവാർ നിയന്ത്രിക്കുന്ന ലഫ്‌റ്റനന്റ് ഗവർണറും നടപടിയെടുത്തില്ല. ഇതോടെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി. ഗുരുതര വിഭാഗത്തിലായ വായുഗുണനിലവാര സൂചിക (എക്യുഐ) മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമം.
ദീപാവലിക്കുമുന്പേ ഡൽഹിയിലെ വായുമലിനീകരണം ഉയർന്നിരുന്നു. ദശാബ്ദത്തിലെ ഏറ്റവും മോശം വായുവാണ് ഞായറാഴ്ച പകൽ ജനങ്ങൾ ശ്വസിച്ചത്. രാവിലെ ആറുമുതൽ ഏഴുവരെയും രാത്രി എട്ടുമുതൽ 10വരെയും ഹരിത പടക്കങ്ങൾക്കാണ് സുപ്രീംകോടതി അനുമതി നൽകിയത്. എന്നാൽ രാത്രിമുഴുവൻ നിരോധിത പടക്കങ്ങൾ പൊട്ടി. തിങ്കൾ പുലർച്ചെ പുകനിറഞ്ഞ് തൊട്ടടുത്ത കെട്ടിടങ്ങൾപോലും കാണാൻ സാധിക്കാത്ത അവസ്ഥയായി.
കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ (സിപിസിബി) എക്യുഐ അളക്കുന്ന കേന്ദ്രങ്ങളിൽ കൃത്രിമത്വം കാട്ടിയെന്നും ആരോപണമുയർന്നു. വായുമലിനീകരണം രൂക്ഷമാക്കുന്ന പിഎം 2.5 കണികകളുടെ അളവ് പല സ്‌റ്റേഷനുകളും പുറത്തുവിട്ടില്ല. വിഷപ്പുക നിറഞ്ഞപ്പോഴും സിപിസിബിയുടെ സമീർ ആപ്പിൽ എക്യുഐ 400ന് താഴെയാണ് രേഖപ്പെടുത്തിയത്. സ്വകാര്യ കന്പനികളുടെ എക്യുഐ 2,000 കടന്നു. സ്വകാര്യ കന്പനികളും സിപിസിബിയും എക്യുഐ കണക്കാക്കുന്നത് വ്യത്യസ്‌തമാണെങ്കിലും സിപിസിബിയുടെ റീഡിങ് മുൻദിവസങ്ങളിലേതിന് സമാനമായി ഞായർ, തിങ്കൾ ദിവസങ്ങളിലും തുടർന്നത് വ്യാപക വിമർശത്തിന് ഇടയാക്കി.









0 comments