മാസങ്ങളായി ശുചിമുറിയിൽ അടച്ചിട്ടു; നിരന്തരം മർദിച്ചു, യുവതി നേരിട്ടത് ക്രൂര ഗാർഹിക പീഡനം

ഡെറാഡൂൺ: ഡെറാഡൂണിലെ സെലാകുയിയിൽ യുവതിക്ക് നേരെ ഭർതൃവീട്ടുകാരുടെ അതിക്രൂരമായ ഗാർഹിക പീഡനം. ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ പത്ത് മാസത്തോളമാണ് മുറിയിലും ടോയ്‌ലറ്റിലുമായി പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചത്. ഈ കാലയളവിലത്രയും ചോറും ഉള്ളിയും മുളകും മാത്രം നൽകിയാണ് യുവതിയെ ജീവിക്കാൻ അനുവദിച്ചതെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
യുവതിയുടെ ഭർത്താവ് രാഹുൽ ഖണ്ഡൂരി, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് 2025 ഫെബ്രുവരിയിലാണ് ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്യുന്നതിനാൽ യുവതി ഭർതൃവീട്ടുകാർക്കൊപ്പമാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ജൂലൈ മുതൽ യുവതിയെ പൂട്ടിയിടുകയും, ഭർത്താവ് അവധിക്ക് നാട്ടിലെത്തുമ്പോഴെല്ലാം ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കസേര, വടി, ഡ്രെയിൻ പൈപ്പ്, ഫ്ലോർ വൈപ്പർ എന്നിവ ഉപയോഗിച്ചാണ് ഭർതൃവീട്ടുകാർ യുവതിയെ മർദ്ദിച്ചിരുന്നത്.
യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കുപ്പികളും വടികളും ഉപയോഗിച്ച് മുറിവേൽപ്പിച്ചെന്നും തലമുടി മുഴുവൻ ബലമായി പറിച്ചെടുത്തെന്നും മൊഴിയിലുണ്ട്. ഈ 10 മാസത്തിനിടയിൽ യുവതിയെ സ്വന്തം കുടുംബവുമായി സംസാരിക്കാനോ ഫോൺ ഉപയോഗിക്കാനോ കുട്ടികളെ കാണാനോ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല.
യുവതിയുടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടുമ്പോഴെല്ലാം അവൾ ഉറങ്ങുകയാണെന്നോ കുളിക്കുകയാണെന്നോ ഉള്ള കള്ളങ്ങളാണ് പ്രതികൾ പറഞ്ഞിരുന്നത്. സ്വന്തം മകളെ കാണാൻ ഭർതൃവീട്ടിലേക്ക് ചെന്ന യുവതിയുടെ മാതാപിതാക്കളെ അകത്തേക്ക് പ്രവേശിക്കാൻ പോലും പ്രതികൾ അനുവദിച്ചിരുന്നില്ല. നിരന്തരമായ ശാരീരിക-മാനസിക പീഡനങ്ങൾ യുവതിയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായും പരാതിയിൽ പറയുന്നു.










0 comments