ad
Deshabhimani

ഡൽഹിയിൽ മാലിന്യകുഴി വൃത്തിയാക്കുന്നതിനിടെ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

scavenging
വെബ് ഡെസ്ക്

Published on May 26, 2026, 12:08 PM | 1 min read

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സുരക്ഷാ ഉപകരണങ്ങളോ ഓക്സിജൻ സംവിധാനങ്ങളോ ഇല്ലാതെ, ഏകദേശം എട്ടടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിലേക്ക് ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് വിഷവാതകം ശ്വസിച്ച് ബോധരഹിതരായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.


നോയിഡ സെക്ടർ-16 സ്വദേശികളായ വിനോദ് (55), ധർമേന്ദർ (34) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ വിനോദിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ ധർമേന്ദർ ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.


വീടുടമസ്ഥൻ ടാങ്ക് വൃത്തിയാക്കാൻ അനിൽ എന്ന കോൺട്രാക്ടറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തൊഴിലാളികളെ ടാങ്കിലിറക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.


രാജ്യത്ത്, ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ മനുഷ്യരെ സെപ്റ്റിക് ടാങ്കുകളോ ഓവുചാലുകളോ വൃത്തിയാക്കാൻ ഇറക്കുന്നത് 'മാനുവൽ സ്കാവെഞ്ചിംഗ് നിരോധന നിയമം (2013)' പ്രകാരം കർശനമായി നിരോധിച്ചിട്ടുള്ളതും ജാമ്യമില്ലാത്ത കുറ്റവുമാണ്.


സുപ്രീം കോടതി ഉത്തരവുകൾ പ്രകാരം ഇത്തരം ജോലികൾ പരമാവധി യന്ത്രവൽകൃതമായിരിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ കൃത്യമായ സുരക്ഷാ കവചങ്ങളും ഓക്സിജൻ സിലിണ്ടറുകളും ഉറപ്പാക്കിയ ശേഷം മാത്രമേ തൊഴിലാളികളെ ഇറക്കാവൂ. എന്നാൽ സ്വകാര്യ വ്യക്തികളും കോൺട്രാക്ടർമാരും നിയമങ്ങൾ ലംഘിക്കുന്നത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ഡൽഹിയിൽ അടുത്ത കാലത്ത് റിപ്പോര്‍ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണ്.


'മാനുവൽ സ്കാവെഞ്ചിംഗ്' പൂർണ്ണമായും ഇല്ലാതാക്കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാൽ ഓവുചാലുകളിലും സെപ്റ്റിക് ടാങ്കുകളിലും ആളുകൾ ഇപ്പോഴും മരിക്കുന്നു. ഈ രംഗത്തെ കൂട്ടായ്മയായ സഫായ് കർമ്മചാരി ആന്ദോളന്റെ (SKA) കണക്കു പ്രകാരം ഈ വര്‍ഷം ഇതുവരെ ഇത്തരത്തിൽ 41 മരണങ്ങൾ ഉണ്ടായി. 2025 ൽ 121 പേര്‍ മരിച്ചു. എന്നാൽ സര്‍ക്കാര്‍ കണക്കു പ്രകാരം ഈ വര്‍ഷം മരണങ്ങൾ ഒന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം 46 മരണങ്ങൾ മാത്രവും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home