പൊലീസ് വിലക്ക് മറികടന്ന് കർഷകർ പഞ്ചാബ് അതിർത്തി കടന്ന് ഹരിയാന മണ്ണിലാണ് സമരം ചെയ്യുന്നത്
ദല്ലേവാളിനൊപ്പം 111 കർഷകർ നിരാഹാരം തുടങ്ങി

ന്യൂഡൽഹി
പഞ്ചാബ് ഹരിയാന അതിർത്തിയായ ഖന്നൗരിയിൽ നിരാഹാര സമരം തുടരുന്ന ജഗ്‌ജിത് സിങ് ദല്ലേവാളിനൊപ്പം 111 കർഷകർ ബുധനാഴ്‌ച നിരാഹാര സമരം തുടങ്ങി. കൊടും തണുപ്പിൽ കറുത്ത ഷാളുകൾ അണിഞ്ഞ് കർഷകർ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്.
കർഷക നേതാവ് സുഖ്ജിത് സിങ് ഹർദോ ഝണ്ഡേയുടെ നേതൃത്വത്തിൽ സമരഭടന്മാർ പകൽ രണ്ടോടെ ഹരിയാന പൊലീസ് ഉയർത്തിയിട്ടുള്ള ബാരിക്കേഡിന് സമീപത്തെത്തി. ‘ദല്ലേവാളിന് മുമ്പ് ഞങ്ങൾ രക്തസാക്ഷിത്വം വരിക്കും’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനം. നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ബാരിക്കേഡിന് സമീപത്ത് വരരുതെന്ന പൊലീസിന്റെ വിലക്ക് മറികടന്നാണ് കർഷകരെത്തിയത്. ഫലത്തിൽ 111 കർഷകരും നിരാഹാരം തുടങ്ങിയത് പഞ്ചാബ് അതിർത്തി കടന്ന് ഹരിയാന മണ്ണിലാണ്.
21 പേരോ അല്ലെങ്കിൽ 51 പേരോ നിരാഹാരം തുടങ്ങണമെന്നാണ് ദല്ലേവാൾ ആഗ്രഹിച്ചതെങ്കിലും സമര ഭടന്മാരുടെ ആവേശം കണക്കിലെടുത്താണ് 111 പേരാക്കിയതെന്ന് നേതാക്കൾ പറഞ്ഞു. വ്യാഴാഴ്‌ച ദല്ലേവാളിന്റെ നിരാഹാര സമരം 52–-ാം ദിവസത്തിലേക്ക് കടക്കും.
ദല്ലേവാളിന്റെ ആരോഗ്യരേഖകൾ ഹാജരാക്കണം: സുപ്രീംകോടതി
കർഷകർക്ക് നൽകിയ ഉറപ്പുകൾ കേന്ദ്രസർക്കാർ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഖന്നൗരിയിൽ ഒന്നര മാസത്തോളമായി നിരാഹാരസമരം നടത്തുന്ന കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യ രേഖകൾ ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം. ദല്ലേവാളിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചതിനെ തുടർന്നാണ് രേഖകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്. ‘ദല്ലേവാളിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾ പറയുന്നു.
ഈ സാഹചര്യത്തിൽ, ഡിസംബർ മുതൽ ജനുവരി 14 വരെയുള്ള ആരോഗ്യ നിലയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഹാജരാക്കണം. ഡൽഹി എയിംസിലെ വിദഗ്‌ധ സംഘം റിപ്പോർട്ടുകൾ താരതമ്യം ചെയ്‌ത് സ്വതന്ത്രമായ നിഗമനം അറിയിക്കട്ടെ. അതിനുശേഷം, തുടർനടപടികളെ കുറിച്ച് ആലോചിക്കാം’ –- ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.










0 comments