സിലിണ്ടർ കിട്ടാനില്ല, ഉള്ളത് കള്ളൻ കൊണ്ടുപോയി; മോഷ്ടിക്കപ്പെട്ട 27ൽ 22 എണ്ണവും കാലിക്കുറ്റികൾ

എ ഐ പ്രതീകാത്മക ചിത്രം
മുംബൈ: രാജ്യത്ത് പാചകവാതക വിതരണത്തിൽ ആശങ്ക നിലനിൽക്കുന്നതിനിടെ മുംബൈയിൽ വൻ സിലിണ്ടർ മോഷണം. വിതരണത്തിനായി പോകുന്ന ടെമ്പോയിൽ നിന്നാണ് 27 എൽപിജി ഗ്യാസ് സിലിണ്ടറുകൾ മോഷണം പോയത്. ഇതിൽ അഞ്ച് ഗ്യാസ് നിറച്ച കുറ്റികളും 22 കാലി കുറ്റികളുമുണ്ടായിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് എൽപിജി മോഷണം പതിവായത്.
ഡെലിവറി ഏജന്റ് നന്ദ്കുമാർ രാംരാജ് സോണി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുംബൈ കാണ്ടിവാലിയിലെ ചാർകോപ്പിൽ വെച്ചാണ് മോഷണം നടന്നത്. വീടിനടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നാണ് എൽപിജി ഗ്യസ് സിലിണ്ടറുകൾ മോഷ്ടിച്ചത്. വാഹനത്തിൻ്റെ ഗ്ലാസ് ഡോർ പൊട്ടിച്ചും പിൻഭാഗത്തെ പൂട്ട് തകർത്തുമാണ് സിലിണ്ടറുകൾ എടുത്തതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സംഭവത്തിൽ ചാർകോപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനായി ഒന്നിലധികം പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.










0 comments