ബംഗാൾ ഗവർണർ സിവി ആനന്ദബോസ് രാജിവെച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച ഡൽഹിയിലെത്തിയാണ് രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറിയത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ അപ്രതീക്ഷിത നീക്കം ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
2022 നവംബറിലാണ് അദ്ദേഹം ബംഗാൾ ഗവർണറായി ചുമതലയേറ്റത്. ഗവർണർ പദവിയിൽ ഞാൻ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞു എന്നാണ് രാജിയെക്കുറിച്ച് സിവി ആനന്ദബോസിന്റെ പ്രതികരണം. മൂന്നര വർഷത്തോളം പദവിയിൽ തുടർന്നു. എന്നാൽ, രാജിയുടെ യഥാർത്ഥ കാരണം വ്യക്തമല്ല.
ബംഗാൾ രാജ്ഭവനിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധിയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. രാജിയിൽ ദുരൂഹതയുണ്ടെന്ന് സർക്കാർ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സമ്മർദ്ദമാണോ രാജിക്ക് പിന്നിലെന്ന് സംശയിക്കുന്നതായും മമത ബാനർജി പറഞ്ഞു.
തന്റെ കാലാവധിയിലുടനീളം സർക്കാരുമായി കടുത്ത പോരിലായിരുന്നു സിവി ആനന്ദബോസ്. സർവകലാശാല വിസി നിയമനം, വിവിധ ബില്ലുകൾക്ക് അനുമതി നൽകുന്നത് വൈകിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരും ഗവർണറും തമ്മിൽ വലിയ നിയമപോരാട്ടങ്ങൾ തന്നെ നടന്നിരുന്നു. ഇതിനിടെ രാജ്ഭവനിലെ ജീവനക്കാരി നൽകിയ പീഡന പരാതിയും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.










0 comments