മണിപ്പൂരിൽ സംഘര്‍ഷാവസ്ഥ തുടരുന്നു, ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു

ഇംഫാൽ: മണിപ്പൂരിലെ ഉക്രൂൽ ജില്ലയിൽ തങ്കുൽ നാഗ, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം തുടരുന്നു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
ശനിയാഴ്ച ലിറ്റാൻ സരൈഖോങ്ങിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിലേക്ക് എത്തിയത്. ഏഴ് പേരടങ്ങുന്ന ഒരു സംഘം തങ്കുൽ നാഗ സമുദായത്തിലെ ഒരാളെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്ന സംഭവമായിരുന്നു ഹേതു. ഇരു വിഭാഗങ്ങളും പരമ്പരാഗത മാര്‍ഗ്ഗത്തിൽ ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിക്കാൻ ധാരണയിലെത്തിയിരുന്നു.
എന്നാൽ ഞായറാഴ്ച രാത്രിയോടെ അക്രമിസംഘം ലിറ്റാൻ ബസാറിലെ വീടുകൾക്കും സർക്കാർ ക്വാർട്ടേഴ്‌സുകൾക്കും തീയിട്ടു. ഏകദേശം 25 വീടുകളും നാല് സർക്കാർ ക്വാർട്ടേഴ്‌സുകളും കത്തിനശിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. നാഗ വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള ജില്ലയാണ് ഉക്രൂൽ
പുതിയ മന്ത്രിസഭ അധികാരമേറ്റ് ആറ് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഘര്‍ഷം ഉടലെടുത്തത്. രണ്ടു വര്‍ഷമായി മെയ്തെയ് കുക്കി വിഭാഗങ്ങൾക്കിടയിൽ സംഘര്‍ഷം നിലനിൽക്കുന്നു. ഇതിനെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഫെബ്രുവരിയിൽ ഇതിന്റെ കാലാവധി കഴിയാനിരിക്കെയാണ് സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേറ്റത്. ഇതിന് തൊട്ട് പിന്നാലെ നാഗവിഭാഗം കൂടി ഉൾപ്പെട്ട സംഘര്‍ഷം രൂപപ്പെട്ടു. ഇതുവരെ നാഗവിഭാഗം സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നില്ല.
Related News
സംഘർഷം രൂക്ഷമായതോടെ ലിറ്റാൻ, മാങ്കോട്ട് ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. കയ്യിൽ കിട്ടിയ അവശ്യസാധനങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കം ട്രക്കുകളിലും കാൽ നടയായുമാണ് ഗ്രാമം വിടുന്നത്.
Related News
സംഘർഷ മേഖലയിൽ സംസ്ഥാന, കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. ലിറ്റാൻ ഗ്രാമത്തിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അഭ്യൂഹങ്ങളും വിദ്വേഷ പ്രചാരണങ്ങളും തടയുന്നതിനാണ് ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ അവകാശപ്പെട്ടു. തിങ്കളാഴ്ച ഉപമുഖ്യമന്ത്രി ലോസി ദിഖോയുടെ അധ്യക്ഷതയിൽ ഇരുവിഭാഗത്തിലെയും നേതാക്കൾ തമ്മിൽ സമാധാന ചർച്ചകൾ നടത്തിയിരുന്നു.
സംസ്ഥാനം 2025ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലായിരുന്നു. നേരത്തെ കോൺഗ്രസ് മന്ത്രിസഭയിലെ രണ്ടാമനും പിന്നീട് ബിജെപി മുന്നണിയിലെത്തി, മുഖ്യമന്ത്രി പദവിയിൽ അവരോധിക്കപ്പെടുകയും ചെയ്ത എൻ ബിരേൻ സിങ് ഭരണത്തിലിരിക്കെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപച്ചത്. കുക്കി മെയ്തെയ് കലാപത്തിന് പിന്നാലെയായിരുന്നു ഇത്.
വിഭാഗീയത് മുതലെടുക്കാൻ ശ്രമിച്ചു,
കൈവിട്ട് എൻഡിഎ സര്‍ക്കാര്‍
മെയ്‌തെയി ഭൂരിപക്ഷ സമൂഹം പട്ടികവർഗ (ST)പദവി ആവശ്യപ്പെട്ടതിനെതിരെ 2023മെയ് 3-ന് ഹിൽ ഡിസ്ട്രിക്കുകളിൽ സംഘടിപ്പിച്ച ആദിവാസി ഐക്യദാർഢ്യ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടികൾക്ക് പിന്നാലെയാണ് മണിപ്പൂരിൽ അക്രമങ്ങൾ ആരംഭിച്ചത്. എൻ ഡി എ രണ്ട് ടേം ഭരണത്തിൽ ഇരുന്നതോടെ ഗോത്ര വര്‍ഗ്ഗങ്ങൾ തമ്മിലുള്ള വേര്‍തിരിവ് വര്‍ധിച്ചു. വിദ്വേഷം പടര്‍ത്തി ഇവരെ വിഭജിച്ചതോടെ സംഘര്‍ഷങ്ങൾ പതിവായി.
മെയ്തെയി വിഭാഗത്തിന് എസ് ടി സംവരണം അനുവദിച്ച ഒരു കോടതി വിധിക്ക് പിന്നാലെയായിരുന്നു പ്രതിഷേധങ്ങൾ പുറത്തെത്തിയത്. സംഘര്‍ഷങ്ങളിൽ ഇതുവരെ കുക്കി,മെയ്‌തെയി വിഭാഗങ്ങളിലെ അംഗങ്ങളും സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടെ കുറഞ്ഞത് 260പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.










0 comments