print edition ഉൗർജപ്രതിസന്ധി ; ആശ്രയം റഷ്യൻ എണ്ണ മാത്രം

ന്യൂഡൽഹി
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സ്‌തംഭിച്ചതോടെ റഷ്യൻ ക്രൂഡോയിലിനെ ആശ്രയിക്കാൻ ഇന്ത്യ നിർബന്ധിതരാകുന്നു. രാജ്യത്തെ എണ്ണ ശുദ്ധീകരണ കമ്പനികൾ റഷ്യൻ ക്രൂഡോയിൽ വിതരണ കമ്പനികളുമായി ബന്ധപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. അമേരിക്കൻ ഭീഷണിയെ തുടർന്ന് റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയുടെ 40 ശതമാനത്തോളം ക്രൂഡോയിൽ എത്തുന്നത്. നിലവിൽ ഗൾഫിൽ നിന്നുള്ള ക്രൂഡോയിൽ വരവ് പൂർണമായും നിലച്ചനിലയിലാണ്. 25 ദിവസത്തേക്കുള്ള കരുതൽ ക്രൂഡോയിൽ ശേഖരം മാത്രമാണ് രാജ്യത്തുള്ളത്. എണ്ണ ശുദ്ധീകരണ ശാലകളിലെ പെട്രോൾ–ഡീസൽ–പെട്രോളിയം വാതക ശേഖരവും പരിമിതം.
പ്രതിദിനം 56 ലക്ഷം ബാരൽ ക്രൂഡോയിലാണ് ഇന്ത്യൻ റിഫൈനറികൾ ശുദ്ധീകരിക്കുന്നത്. ഇന്ത്യയിലെത്തുന്ന റഷ്യൻ ക്രൂഡോയിൽ വിഹിതം 40 ശതമാനത്തിൽ നിന്ന് 21 ശതമാനത്തിലേക്ക് ചുരുങ്ങിയതോടെ എണ്ണയ്‌ക്കായി ഗൾഫ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വന്നു. പ്രതിദിനം 20 ലക്ഷം ബാരൽ ക്രൂഡോയിൽ റഷ്യയിൽനിന്ന് എത്തിയിരുന്നത് ജനുവരിയിൽ 11 ലക്ഷം ബാരലിലേക്ക് ചുരുങ്ങി. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ റഷ്യൻ ക്രൂഡോയിൽ വിഹിതം ഇന്ത്യയ്‌ക്ക് ഗണ്യമായി വർധിപ്പിക്കേണ്ടി വരും. എന്നാൽ അമേരിക്കൻ ഭീഷണി നിലനിൽക്കുന്നതിനാൽ കൃത്യമായ സർക്കാർ നിർദേശമുണ്ടെങ്കിൽ മാത്രമേ റഷ്യൻ എണ്ണ വിതരണ കമ്പനികളെ ഇന്ത്യൻ റിഫൈനറികൾക്ക് ആശ്രയിക്കാനാകൂ.
ഇന്ത്യക്ക് സമീപത്തെ സമുദ്രമേഖലകളിൽ നിലയുറപ്പിച്ച റഷ്യൻ കപ്പലുകളിൽ 95 ലക്ഷം ബാരൽ ക്രൂഡോയിൽ ലഭ്യമാണെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിൽനിന്ന് അനുകൂല നിർദേശം ലഭിച്ച് റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് പുനരാരംഭിക്കാൻ ഇന്ത്യൻ റിഫൈനറികൾ തയ്യാറായാൽ ആഴ്‌ചകൾക്കകം ഒരു കോടിയോളം ബാരൽ റഷ്യൻ എണ്ണ ഇന്ത്യയിലെത്തും.










0 comments