print edition ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവില കുറയ്‌ക്കാതെ കേന്ദ്രം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന് അയവുവന്നതിനെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി കുറഞ്ഞിട്ടും ഇന്ധനവില കുറയ്‌ക്കാതെ കേന്ദ്രസർക്കാർ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിൽ താഴെയെത്തി. കഴിഞ്ഞ മൂന്നുമാസത്തിനിടെ ആദ്യമായാണ് ഇത്ര കുറവുണ്ടാകുന്നത്.
മെയ് ആദ്യ ആഴ്‌ചയിൽ 114 ഡോളർ വരെയായി ഉയർന്നപ്പോഴാണ് പെട്രോൾ– ഡീസൽ വില പല ഘട്ടങ്ങളിലായി ഏഴര രൂപ വർധിപ്പിച്ചത്. പാചകവാതകത്തിന്റെയും വിമാന ഇന്ധനത്തിന്റെയും വിലയും കുത്തനെ ഉയർത്തി. എണ്ണകമ്പനികളുടെ വരുമാനത്തിൽ ഇടിവ് സംഭവിക്കുന്നുവെന്ന് അവകാശപ്പെട്ടായിരുന്നു ഇൗ നടപടി.
ക്രൂഡോയിൽ വില കുറഞ്ഞതോടെ പെട്രോൾ– ഡീസൽ വിൽപ്പനയിൽ എണ്ണകമ്പനികൾ വൻ ലാഭത്തിലേക്കെത്തി. നിലവിലെ വിൽപ്പനവില പ്രകാരം പെട്രോളിന് ലിറ്ററിന് 10 രൂപ വരെയും ഡീസലിൽ ലിറ്ററിന് എട്ട് രൂപ വരെയും ലാഭം എണ്ണകമ്പനികൾക്ക് പ്രതീക്ഷിക്കാം.
പെട്രോൾവില രാജ്യമെങ്ങും ലിറ്ററിന് നൂറുരൂപ കടന്ന നിലയിലാണ്. ഡീസൽ വിലയും ഭൂരിഭാഗം സംസ്ഥാനങ്ങളിലും നൂറു രൂപ കടന്നു. ഇതോടെ വിലക്കയറ്റം രൂക്ഷമായി. മൊത്തവില സൂചിക പ്രകാരമുള്ള വിലക്കയറ്റം മെയ് മാസത്തിൽ പത്ത് ശതമാനത്തിന് അടുത്തെത്തി.
ചില്ലറവിപണി വിലക്കയറ്റം നാല് ശതമാനത്തിന് അടുത്താണ്. ഇന്ധന വിലകൾ കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ജൂണിലെ വിലക്കയറ്റ തോത് വീണ്ടുമുയരും. കേന്ദ്രനിലപാട് റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ കമ്പനികൾക്കും കൊള്ളലാഭത്തിന് വഴിയൊരുക്കും.









0 comments