print edition രാഹുലിന്റെയും ഖാർഗെയുടെയും തരംതാണ പരാമർശം തള്ളുന്നു: സിപിഐ എം

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Mar 27, 2026, 12:15 AM | 1 min read
ന്യൂഡൽഹി : മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എമ്മിന്റെ മതനിരപേക്ഷ നിലപാടുകൾക്കുമെതിരെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും നടത്തിയ പ്രകോപനപരമായ പരാമർശങ്ങളോട് വിയോജിക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ഇത്തരം തരംതാണ വ്യാജപ്രസ്‌താവന ഇരുവരും നടത്തുന്നത്. ബിജെപിയെ വിമർശിക്കാതെ സിപിഐ എമ്മിനെ ലക്ഷ്യമിടുകവഴി വർഗീയതയ്‌ക്കും ഏകാധിപത്യത്തിനും എതിരെ നടത്തുന്നുവെന്ന് അവകാശപ്പെടുന്ന പോരാട്ടത്തിൽനിന്ന് അവർ പിന്നാക്കം പോകുകയാണ്. കോൺഗ്രസ് നേതാക്കളുടെ ഗൂഢലക്ഷ്യം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.
എല്ലാ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് ബിജെപിയിൽ ചേരുന്നുവെന്ന് അവർ ആത്‌മപരിശോധന നടത്തണം. അസമിൽ കോൺഗ്രസ് ഭരണകാലത്ത് പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്‌ത വ്യക്തിയാണ് ഇപ്പോൾ ബിജെപിയുടെ മുഖ്യമന്ത്രി. ത്രിപുരയിൽ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം 2018ൽ ബിജെപിയിൽ ചേർന്നു. നിലവിൽ കേന്ദ്രസർക്കാരിലെ പല മന്ത്രിമാരും ബിജെപിയുടെ നിരവധി എംപിമാരും പഴയകാല കോൺഗ്രസ് നേതാക്കളാണ്. ബിജെപിയിലേയ്‌ക്ക് ആളെ കൂട്ടുന്ന പാർടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞു.
കഴിഞ്ഞ 10 വർഷം ഒരു വർഗീയ കലാപംപോലും കേരളത്തിലുണ്ടായില്ല. യുഡിഎഫ് ഭരിക്കുമ്പോഴാണ് കേരളത്തെ ഞെട്ടിച്ച മാറാട് കലാപം ഉണ്ടായത്. കേരളത്തിൽ ഒട്ടനവധി തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും കൂട്ടുകെട്ടായി മത്സരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ മതമൗലിക ശക്തികളുമായി കോൺഗ്രസ് കൂട്ടുകെട്ടിലാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുന്നതിനെതിരായ തുടർച്ചയായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. എന്നാൽ പ്രതിപക്ഷ രാഷ്‌ട്രീയകക്ഷിയിൽപ്പെട്ട ഒരു മുഖ്യമന്ത്രിയെ കേന്ദ്രഏജൻസികൾ അറസ്‌റ്റുചെയ്യണമെന്ന നിലപാടാണ് രാഹുൽ ഗാന്ധിക്ക്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളിനെ അറസ്‌റ്റുചെയ്യണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവെച്ചിരുന്നു. കോൺഗ്രസിന്റെ അവസരവാദ നിലപാടാണ് ഇതിലൂടെ തെളിയുന്നത്.
കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ മുമ്പില്ലാത്തവിധമുള്ള വികസനത്തിനും മതസൗഹാർദത്തിനും സാക്ഷികളായ കേരളത്തിലെ ജനങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്‌ക്കും ശക്തമായ മറുപടി നൽകുമെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.










0 comments