print edition ദേശീയ ഗാനത്തേക്കാൾ വന്ദേമാതരത്തിന് മുൻഗണന ; വിവാദ ഉത്തരവ് പിൻവലിക്കണം : സിപിഐ എം

ന്യൂഡൽഹി
ദേശീയ ഗാനത്തെ മറികടന്ന് ദേശീയ ഗീതത്തിന് മുൻഗണന നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതാണ് ഉത്തരവ്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടനയുടെ അനുച്‌ഛേദം 51(എ)എ വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ ഗീതവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന്റെ പ്രസ്‌താവന വിശദമായ ചർച്ചയ്‌ക്കുശേഷം ഭരണഘടനാനിർമാണ സഭ അംഗീകരിച്ചിരുന്നു. അതുപ്രകാരം ദേശീയ ഗീതത്തിന്റെ രണ്ട് ഖണ്ഡികകൾ മാത്രമാണ് ആലപിക്കേണ്ടത്. നാല് ഖണ്ഡികകൾ ഇന്ത്യയുടെ മതനിരപേക്ഷ ഘടനയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നായിരുന്നു ഭരണഘടനാനിർമാണ സഭയുടെ നിലപാട്. എന്നാൽ ശേഷിക്കുന്ന നാല് ഖണ്ഡികകൾകൂടി പാടാനാണ് സർക്കാർ ഇപ്പോഴത്തെ ഉത്തരവിലൂടെ നിർദേശിച്ചിരിക്കുന്നത്. ദേശീയ ഗാനത്തെയും ദേശീയ ഗീതത്തെയും മുൻനിർത്തി അനാവശ്യവിവാദം സൃഷ്ടിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം. ഇന്ത്യയുടെ ചരിത്ര സാംസ്‌കാരിക സൂചകങ്ങളെ ബിജെപി സർക്കാരിന്റെ രാഷ്ട്രീയക്കളിക്ക് വിട്ടുകൊടുക്കാൻ അനുവദിക്കരുത്– പിബി പ്രസ്‌താവനയിൽ പറഞ്ഞു.










0 comments