മഹാരാഷ്ട്രയിൽ അലയടിച്ച് സിപിഐ എം ബഹുജന മാർച്ച്; ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ധർണ

പാൽഘർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മഹാരാഷ്ട്രയിൽ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ അണിനിരന്നത് ആയിരങ്ങൾ. അഖിലേന്ത്യാ കിസാൻസഭ, സിഐടിയു, ജനാധിപത്യമഹിളാഅസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ആദിവാസി അധികാർ രാഷ്ട്രീയമഞ്ച് തുടങ്ങിയ വർഗ–ബഹുജനസംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു മാർച്ച്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക–തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന മാർച്ച് ചൊവ്വാഴ്‌ച്ച പാൽഘർ കലക്‌ട്രേറ്റിലെത്തി. നിശ്‌ചിതസമയത്തിനകം ബഹുജനമാർച്ച് ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ നടപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരഭടൻമാർ അനിശ്‌ചിതകാല കുത്തിയിരിപ്പ് ധർണ നടത്തും.
ചൊവ്വാഴ്‌ച്ച രാവിലെ മനോറിൽ നിന്നും തുടങ്ങിയ മാർച്ച് വിവിധ കേന്ദ്രങ്ങൾ പിന്നിട്ടപ്പോൾ ഒരോ കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ പേർ മാർച്ചിൽ അണിനിരന്നു. തിങ്കളാഴ്‌ച്ച ദഹാനു താലൂക്കിലെ ചരോട്ടിയിലാണ് ആയിരകണക്കിന് ആളുകൾ അണിനിരന്ന ബഹുജനമാർച്ച് ആരംഭിച്ചത്. 35 കിലോമീറ്റർ പിന്നിട്ട് മനോറിൽ രാത്രി ക്യാംപ് ചെയ്‌തു. രാവിലെ 25 കിലോമീറ്റർ പിന്നിട്ട് പാൽഘറിൽ എത്തിച്ചേർന്നു. വനാവകാശനിയമം കർശനമായി നടപ്പാക്കുക, കൃഷിഭൂമി കർഷകർക്ക് നൽകുക, സ്‌മാർട്ട്‌മീറ്റർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും ബഹുജനമാർച്ച് ഉന്നയിക്കുന്നുണ്ട്.
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യാകിസാൻസഭ ദേശീയ ജനറൽസെക്രട്ടറിയുമായ വിജൂകൃഷ്‌ണൻ, പിബി അംഗം ഡോ. അശോക് ധാവ്‌ളെ, വിനോദ് നിക്കോളെ എംഎൽഎ, കിരൺഗഹാല തുടങ്ങിയ നേതാക്കൾ ബഹുജനമാർച്ചിന് നേതൃത്വം നൽകി.











0 comments