'ഭൂമിക്കള്ളന്മാരുടെ സർക്കാർ'; ബംഗളുരുവിൽ സിപിഐ എം ജനകീയ പ്രക്ഷോഭം

ബെംഗളൂരു: സിപിഐ എം ബംഗളൂരു ഫ്രീഡംപാർക്കിൽ സംഘടിപ്പിച്ച ‘ജനാക്രോശ സമ്മേളനം’ സർക്കാരിനെതിരായ ജനകീയ പ്രക്ഷോഭമായി മാറി. അടിസ്ഥാന സൗകര്യമൊരുക്കുന്നതിലെ വിവേചനവും കുതിച്ചുയരുന്ന വീട്ടുവാടകയും മാലിന്യപ്രശ്‌നവും ഉൾപ്പെടെ ജനജീവിതം ദുസ്സഹമാക്കുന്ന വിഷയങ്ങളിൽ നടപടിയാവശ്യപ്പെട്ട് ബംഗളുരുവിൽ ആയിരങ്ങൾ തെരുവിലിറങ്ങി. സാധാരണക്കാരന്റെ ഭൂമി കവരുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ നയങ്ങൾ, നഗരത്തിലെ ശുദ്ധജലക്ഷാമം, ഗതാഗതക്കുരുക്ക്, ഭൂമികൈയേറ്റം തുടങ്ങിയ വിഷയങ്ങളും സമരത്തിൽ ഉന്നയിച്ചു.

കേന്ദ്രവും സംസ്ഥാന സർക്കാരുകളും പാവപ്പെട്ടവരുടെ ഭൂമി കവർന്നെടുക്കുകയാണ്. ഭൂമിക്കള്ളന്മാരുടെ സർക്കാരാണിതെന്നും ഭൂമിമാഫിയകളെ സംരക്ഷിക്കുന്ന എംഎൽഎമാരുടെ എണ്ണമാണ് കൂടുതലുള്ളതെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജി എൻ നാഗരാജ് പറഞ്ഞു. സംസ്ഥാനത്ത് കുടിയേറ്റ തൊഴിലാളികളുടെ എണ്ണം വർധിച്ചുവരികയാണ്. തൊഴിൽ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ് കുടിയേറ്റം വർധിക്കാൻ പ്രധാന കാരണം. സാധാരണ ജനങ്ങളുടെ ജീവിതം അതീവ ദുരിതപൂർണമായിരിക്കുകയാണ്. എസ്ഐആറിന്റെ പേരിൽ ദരിദ്രർ, പിന്നാക്ക വിഭാഗങ്ങൾ, സ്ത്രീകൾ, തൊഴിലാളിവർഗം എന്നിവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സർക്കാരിന്റെ കൈപ്പാവയായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ബെംഗളൂരു നോർത്ത്, സൗത്ത് ജില്ലാകമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ബി എൻ മഞ്ജുനാഥ്, പ്രതാപ് സിങ്, ഗോപാലകൃഷ്ണ അരളഹള്ളി, ഗോപാലഗൗഡ, ഗൗരമ്മ തുടങ്ങിയവരും സംസാരിച്ചു.










0 comments