ജന്തർമന്ദറിൽ ആനി രാജയ്ക്ക് നേരെ സംഘപരിവാർ കൈയേറ്റം

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ സംഘപരിവാർ കൈയേറ്റം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്തുണ അറിയിക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. സമരത്തിനിടെ വിദ്യാർഥികൾ ജ്യോതിറാവു ഫുലെ, ഡോ. ബി ആർ അംബേദ്കർ എന്നിവരെക്കുറിച്ചും ഭരണഘടനയെ അനുകൂലിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു. ഈ സമയത്ത് വിദ്യാർഥികൾക്കൊപ്പം ചേർന്ന് മുദ്രാവാക്യം വിളിച്ചു നിന്ന തങ്ങൾക്കു നേരെ ഒരു കൂട്ടം യുവാക്കൾ അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് ആനി രാജ പറഞ്ഞു.
ആർഎസ്എസിനെതിരെ എന്തിനാണ് മുദ്രാവാക്യം വിളിക്കുന്നത് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു യുവാക്കളുടെ അതിക്രമം. ആദ്യം ഇവരെ പൊലീസ് ഇടപെട്ട് മാറ്റി പ്രത്യാഘാതം ഒഴിവാക്കിയെങ്കിലും, പിന്നീട് കൂടുതൽ ആളുകളുമായി തിരിച്ചെത്തിയ സംഘം വലിയ തിക്കും തിരക്കുമുണ്ടാക്കി ബോധപൂർവം കൈയേറ്റം ചെയ്യുകയായിരുന്നു. അക്രമം നടത്തിയ സംഘത്തിൽപ്പെട്ട നാല് പേരെ പൊലീസ് സംഭവസ്ഥലത്തു നിന്ന് തന്നെ പിടികൂടി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
നീറ്റ്-യുജി പരീക്ഷാ ചോർച്ചയിലും സിബിഎസ്ഇ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യതലസ്ഥാനത്താണ് സിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. പരീക്ഷാ അട്ടിമറിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥികളും യുവജനങ്ങളും അണിനിരന്നത്. പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നൽകാനായി അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും ശനിയാഴ്ച രാവിലെ എട്ടുമണിയോടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ഡൽഹിയിലെത്തിയിരുന്നു.










0 comments