പശുമാംസം വിറ്റെന്ന് ആരോപിച്ച് യുവാവിന് സംഘപരിവാറുകാരുടെ മർദനം

ന്യൂഡൽഹി
ഡൽഹിയിലെ വിജയനഗറിൽ വടക്കുകിഴക്കൻ സംസ്ഥാനത്തുനിന്നുള്ള യുവാവിനെ പശുമാംസം വിറ്റുവെന്നാരോപിച്ച് സംഘപരിവാറുകാർ തല്ലിച്ചതച്ചു. മലയാളികൾ അടക്കം ഡൽഹി സർവകലാശാല വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കട നടത്തുന്ന ചമൻ കുമാറിനെയാണ് (44) ആക്രമിച്ചത്. ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍ പൊലീസ് നോക്കിനില്‍ക്കെയാണ് 20 അംഗസംഘം അക്രമണം നടത്തിയത്.
എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം സിമ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ അക്രമികളെ ചെറുത്തു. എന്നാൽ, പൊലീസ് ചമൻ കുമാറിനെ കസ്റ്റഡിയിലെടുത്തു. മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട് ഇടപെട്ടതോടെയാണ് അദ്ദേഹത്തെ മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചമൻ കുമാറിന്റെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് ബൃന്ദ പൊലീസിനോട് ആവശ്യപ്പെട്ടു.
‘രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലു’ എന്ന മുദ്രാവാക്യം മുഴക്കിയാണ് ബുധൻ രാത്രി അക്രമിസംഘം എത്തിയത്. പ്രതിരോധിക്കാൻ ശ്രമിച്ച വനിത നേതാവ് സിമ്രൻ അടക്കമുള്ള വിദ്യാർഥികളെ ആക്രമിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചു. എസ്‌എഫ്ഐ പ്രവർത്തകരുടെ മതം എന്താണെന്ന് അന്വേഷിച്ച അക്രമികൾ വിദ്യാർഥികൾ മാംസം കഴിക്കുന്നവരാണെന്നും ആക്രോശിച്ചു. മലയാളി വിദ്യാർഥികളുടെയും വടക്ക് കിഴക്കൻ വിദ്യാർഥികളുടെയും വീടുകൾ പരിശോധിക്കുമെന്നും ഭീഷണിമുഴക്കി.
അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും എസ്‌എഫ്‌ഐ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.










0 comments