print edition കോവിഡ് വാക്‌സിൻ മരണം ; നഷ്ടപരിഹാരത്തിൽ വിധി പറയാൻ സുപ്രീംകോടതി

ന്യൂഡൽഹി
കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനെതുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നൽകണമെന്ന ഹർജികള്‍ അന്തിമ വാദം പൂർത്തിയാക്കി സുപ്രീംകോടതി വിധി പറയാൻ മാറ്റി. നഷ്‌ടപരിഹാരം നിശ്ചയിക്കാൻ സമിതി രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മരണങ്ങളിൽ വിദഗ്‌ധ അന്വേഷണം വേണമെന്ന ആവശ്യവും പരിഗണിക്കും. വാക്‌സിൻ കുത്തിവച്ചതിനെ തുടർന്നാണ് പെൺമക്കൾ മരിച്ചതെന്ന് കാട്ടി രചന ഗാംഗു, വേണുഗോപാലൻ ഗോവിന്ദൻ എന്നിവര്‍ സമർപ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
അതേസമയം വാക്‌സിൻ സ്വീകരിച്ചവർക്ക് അപകടസാധ്യത അറിയാമെന്നും സ്വന്തം ഇഷ്‌പ്രകാരം വാക്‌സിൻ സ്വീകരിച്ചതിനാൽ നഷ്‌ടപരിഹാരം നൽകാൻ കഴിയില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. 33,000 പേരോളം ഇത്തരത്തിൽ ഇന്ത്യയിൽ മരിച്ചുവെന്ന് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വാദിച്ചു. വാക്‌സിന്റെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ പൂഴ്‌ത്തിവച്ചുവെന്നും അന്വേഷണം വേണമെന്നും ഹർജിക്കാർ വാദിച്ചു.










0 comments