ad
Deshabhimani

ബാങ്ക് തട്ടിപ്പ്, മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎയെ അയോഗ്യനാക്കി

രാജേന്ദ്രഭാരതി

രാജേന്ദ്ര ഭാരതി, ഫോട്ടോ IANS

വെബ് ഡെസ്ക്

Published on Apr 03, 2026, 11:07 AM | 2 min read

ഭോപ്പാൽ: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് എം എൽ എയെ മധ്യപ്രദേശ് നിയമസഭ അയോഗ്യനാക്കി. ദാതിയ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമായ രാജേന്ദ്ര ഭാരതിക്കാണ് അയോഗ്യത. ബാങ്ക് തട്ടിപ്പ് കേസിൽ ഡൽഹി കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്നാണ് നടപടി.


ഭാരതിയുടെ നിയമസഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം വ്യാഴാഴ്ച രാത്രി നിയമസഭാ അധികൃതർ പുറപ്പെടുവിച്ചു. 1998-നും 2011-നും ഇടയിലെ കേസാണ്. ജീവനക്കാരന്റെ സഹായത്തോടെ ബാങ്ക് രേഖകളിൽ കൃത്രിമം കാട്ടി നിയമവിരുദ്ധമായി പലിശ തുക വാങ്ങിക്കയായിരുന്നു. മൂന്ന് വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.


ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കോൺഗ്രസ് എം എൽ എ ഭാരതിക്കും കൂട്ടുപ്രതിയായ മുൻ ബാങ്ക് ജീവനക്കാരൻ രഘുവീർ ശരൺ പ്രജാപതിക്കും എതിരെ കേസ് സംശയമില്ലാതെ തെളിയിക്കപ്പെട്ടു. ഇരുവരും ചേര്‍ന്നാണ് നിക്ഷേപം കാണിച്ച് പലിശ വാങ്ങിച്ച് കൊണ്ടിരുന്നത്.


നിക്ഷേപം പിൻവലിച്ചിട്ടും

പത്ത് വര്‍ഷം പലിശ വാങ്ങി


ജില്ലാ സഹകാരി കൃഷി ഔർ ഗ്രാമീൺ വികാസ് ബാങ്കുമായി (Zila Sahkari Krishi Aur Gramin Vikas Bank) ബന്ധപ്പെട്ട അഴിമതിയിലാണ് പ്രത്യേക ജഡ്ജി ദിഗ് വിനയ് സിംഗ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.


രാജേന്ദ്ര ഭാരതി, മുൻ ബാങ്ക് കാഷ്യർ രഘുവീർ ശരൺ പ്രജാപതി എന്നിവർ ഭാരതിയുടെ അന്തരിച്ച മാതാവ് സാവിത്രി ദേവിയുമായി ചേർന്ന് ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കോടതി കണ്ടെത്തി.



1998-ൽ നിക്ഷേപിച്ച ഫിക്സഡ് ഡെപ്പോസിറ്റുകളുടെ കാലാവധി കഴിഞ്ഞിട്ടും ഉയർന്ന പലിശ നിരക്കിൽ തന്നെ തുക കൈപ്പറ്റാൻ ഇവർ ബാങ്ക് രേഖകളിൽ കൃത്രിമം കാണിച്ചു. മുന്നു വര്‍ഷത്തേക്കുള്ള എഫ്ഡിയാണ് ദീര്‍ഘിപ്പിച്ച് കാണിച്ചത്. ബാങ്ക് ലെഡ്ജറുകൾ, എഫ്ഡി രസീതുകൾ എന്നിവ തിരുത്തി 2011 വരെ ഈ തട്ടിപ്പ് തുടർന്നു.


കേസിൽ വർഷങ്ങളായി നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. സുപ്രീം കോടതി നിർദ്ദേശപ്രകാരം കേസ് മധ്യപ്രദേശിൽ നിന്നും ഡൽഹിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.


2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുതിർന്ന നേതാവും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുമായിരുന്ന നരോത്തം മിശ്രയെ പരാജയപ്പെടുത്തിയാണ് ഭാരതി നിയമസഭയിലെത്തിയത്. ജനപ്രാതിനിധ്യ നിയമമനുസരിച്ച്, രണ്ട് വർഷമോ അതിലധികമോ തടവിന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ഉടനടി അയോഗ്യത കൽപ്പിക്കപ്പെടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home