print edition മോദിയെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വന്തം ലേഖകൻ
Published on Apr 06, 2026, 12:15 AM | 1 min read
ന്യൂഡൽഹി : പശ്‌ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും പിന്തുണച്ചും പുകഴ്‌ത്തിയും കൂടുതൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്ത്. ശശി തരൂരിനും മനീഷ് തിവാരിക്കും പുറമേ മുതിർന്ന നേതാക്കളായ ആനന്ദ് ശർമയും കമൽ നാഥുമാണ് മോദിയെ പിന്തുണച്ചത്. പശ്‌ചിമേഷ്യൻ പ്രതിസന്ധിയെ മോദിസർക്കാർ വളരെ പക്വതയോടെയും വൈദഗ്‌ധ്യത്തോടെയും കൈകാര്യം ചെയ്‌തെന്ന് മുൻ കേന്ദ്രമന്ത്രികൂടിയായ ആനന്ദ് ശർമ പ്രതികരിച്ചു. ഇൗ സാഹചര്യത്തിൽ നമ്മുക്ക് മുന്നിൽ മറ്റ് മാർഗങ്ങളില്ല. അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിചലിക്കാനാകില്ല. ഇപ്പോൾ നാം പിന്തുടരുന്നതാണ് മികച്ച നയതന്ത്രം. എല്ലാവരും നമ്മുടെ നിലപാടിൽ തൃപ്‌തരാണ്. പശ്‌ചിമേഷ്യൻ രാജ്യങ്ങളിലുള്ള നമ്മുടെ ആളുകൾ സുരക്ഷിതരാകുന്നതുവരെ ഇതേ രീതി തന്നെ പിന്തുടരണമെന്നും ആനന്ദ്‌ശർമ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എൽപിജി ക്ഷാമം ഇല്ലെന്ന് കമൽനാഥ്
രാജ്യത്ത് എൽപിജി ക്ഷാമം അനുഭവപ്പെടുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് പ്രതികരിച്ചു. ‘അങ്ങനെ ഒരു ക്ഷാമവും ഇവിടെയില്ല. ക്ഷാമമുണ്ടെന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ്’– കമൽനാഥ് പറഞ്ഞു. രാജ്യത്തെ എൽപിജി പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം കേന്ദ്രസർക്കാരിനെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിക്കവെയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ മോദിയെ പിന്തുണച്ചത്. പശ്‌ചിമേഷ്യൻ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന മോദിസർക്കാരിന്റെ ശൈലിയെ അനുമോദിച്ച് പ്രവർത്തകസമിതി അംഗം ശശിതരൂർ എംപി ലേഖനം എഴുതിയിരുന്നു. ഇതിനുപിന്നാലെ മുൻ കേന്ദ്രമന്ത്രിയും എംപിയുമായ മനീഷ് തിവാരിയും സമാനനിലപാടുമായി രംഗത്തെത്തി.










0 comments