print edition അവഗണിച്ച് കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപി സംഘടിപ്പിച്ച പ്രക്ഷോഭത്തെ അവഗണിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ യുവാക്കളെ സംബന്ധിച്ച പരാമർശത്തെത്തുടർന്നാണ് യുഎസിലെ ബോസ്റ്റണിൽ പഠിക്കുന്ന അഭിജീത് ദീപ്‌കെ കോക്രോച്ച് ജനതാ പാർടി എന്ന സമൂഹ മാധ്യമകൂട്ടായ്മ രൂപീകരിക്കുന്നത്. നീറ്റ് ചോദ്യച്ചോർച്ച, സിബിഎസ്‌ഇ മൂല്യനിർണയത്തിലെ ക്രമക്കേട് തുടങ്ങിയ യുവജനങ്ങളെ ബാധിക്കുന്ന വിഷയം ഏറ്റെടുത്തു. സമൂഹമാധ്യമത്തിൽ ലക്ഷക്കണക്കിന് പേരുടെ പിന്തുണയുമാർജിച്ചു. തുടർന്ന് നാട്ടിലെത്തി ജന്തർമന്തറിൽ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചു.
എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ, ക്രാന്തികാരി യുവ സങ്കതൻ(കെവൈഎസ്) തുടങ്ങിയ ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രക്ഷോഭപരിപാടികളിൽ പങ്കുചേർന്നു. ഇടതുപക്ഷ പാർടികൾ ഐക്യദാർഢ്യവുമായെത്തി. എന്നാൽ, കോൺഗ്രസും എൻഎസ്‌യുഐയും സമരങ്ങളിൽ നിന്ന് വിട്ട് നിന്നു. സോനം വാങ്‌ചുക്കിനെപ്പോലുള്ള അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകൻ നിരാഹാരം ആരംഭിച്ചിട്ടും കോൺഗ്രസ് നിലപാടിൽ മാറ്റമുണ്ടാക്കിയില്ല.
സങ്കുചിത രാഷ്‌ട്രീയ താൽപര്യങ്ങളാണ് സിജെപിയിൽനിന്ന് കോൺഗ്രസിനെ അകറ്റിയത്. യുവജനപ്രക്ഷോഭം രാഷ്‌ട്രീയ ലാഭങ്ങൾക്ക് തിരിച്ചടിയാവുമോ എന്ന് രാഹുൽ ഗാന്ധിയും കൂട്ടരും ഭയന്നു. സിജെപിക്ക് ലഭിച്ച പിന്തുണ മോദിസർക്കാരിനെതിരായ ജനവികാരമാണെന്ന് മനസിലാക്കാനും തയ്യാറായില്ല. സിജെപിയെ അവഗണിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകിയതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. വാങ്‌ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ചില കോൺഗ്രസ് നേതാക്കൾ മാത്രം കഴിഞ്ഞ ദിവസം ജന്തർമന്തറിലെത്തി. വാങ്‌ചുക്കിനെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് രാഹുൽ ഗാന്ധി എന്തെങ്കിലും മിണ്ടുന്നത്. അപ്പോഴും സിജെപിയെ സംബന്ധിച്ച മൗനം തുടർന്നു.









0 comments