ad
Deshabhimani

കല്യാൺ സിങ്‌ കോടതിയെ വഞ്ചിച്ചു

print edition ബാബ്‌റി മസ്‌ജിദ്‌ കോൺഗ്രസ്‌ പുനർനിർമിക്കാതിരുന്നത്‌ വോട്ടുബാങ്ക്‌ ഭയന്ന്‌: കെ കെ വേണുഗോപാൽ

k k venugopal.jpg

കെ കെ വേണുഗോപാൽ

avatar
സ്വന്തം ലേഖകൻ

Published on Mar 07, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ​സംഘപരിവാർ തകർത്ത ബാബ്‌റി മസ്‌ജിദ്‌ കോൺഗ്രസ്‌ പുനർനിർമിക്കാതിരുന്നത്‌ വോട്ടുബാങ്ക്‌ നഷ്‌ടപ്പെടുമെന്ന്‌ ഭയന്നിട്ടാണെന്ന്‌ ഭരണഘടനാവിദഗ്‌ധനും മുൻ അറ്റോണി ജനറലുമായ കെ കെ വേണുഗോപാൽ. ആത്മകഥയായ ‘ആൻ ആക്‌സിഡന്റൽ ലോയർ: മൈ അഡ്വഞ്ചേഴ്‌സ്‌ ഇൻ ലോ ആൻഡ്‌ ലൈഫ്‌ ’ എന്ന പുസ്‌തകം പുറത്തിറങ്ങിയതിന്‌ പിന്നാലെ ‘ദി ഹിന്ദു’ പത്രത്തിന്‌ നൽകിയ അഭിമുഖത്തിലാണ്‌ തുറന്നുപറച്ചിൽ.


‘ബാബ്‌റിമസ്‌ജിദ്‌ പൊളിച്ച ഉടൻ കേന്ദ്രസർക്കാരിന്‌ അത്‌ പുനർനിർമിക്കാമായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കിൽ അത്‌ ആർക്കും തൊടാനാകാത്ത ഒന്നായി നിലനിൽക്കുമായിരുന്നു. എന്നാൽ, കോൺഗ്രസ്‌ അതിന്‌ തയ്യാറായില്ല. വോട്ടുബാങ്ക്‌ നഷ്‌ടപ്പെടുമെന്ന ഭയമായിരുന്നു അവർക്കെ്‌’ –വേണുഗോപാൽ വെളിപ്പെടുത്തി. ബാബ്‌റിമസ്‌ജിദ്‌ തകർക്കാൻ ആർഎസ്‌എസിന്‌ വഴിയൊരുക്കിയത്‌ കോൺഗ്രസാണെന്ന വിമർശം പൂർണമായും ശരിവയ്‌ക്കുന്നതാണ്‌ വെളിപ്പെടുത്തല്‍. ബാബ്‌റിമസ്‌ജിദ്‌ കേസിൽ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രിയായിരുന്ന കല്യാൺസിങ്ങിന്‌ വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്‌ വേണുഗോപാലായിരുന്നു.


മസ്‌ജിദിന്റെ കാര്യത്തിൽ കല്യാൺസിങ്‌ അഭിഭാഷകനായ തന്നെയും കോടതിയെയും തെറ്റിദ്ധരിപ്പിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘മസ്‌ജിദ്‌ ഒരുകാരണവശാലും പൊളിക്കാൻ അനുവദിക്കില്ലെന്നാണ്‌ കല്യാൺസിങ്‌ കോടതിയെ അറിയിച്ചത്‌. കർസേവകരെ പാലത്തിന്‌ സമീപം തടയുമെന്നും ഉറപ്പുനൽകി. കോടതിയിൽ സത്യവാങ്മ‍ൂലവും സമർപ്പിച്ചു. കർസേവകർ ദീർഘപരിശീലനം നേടിയവരാണെന്നും മസ്‌ജിദ്‌ തകർക്കാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ്‌ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, മസ്‌ജിദ്‌ തകർക്കില്ലെന്ന കല്യാൺസിങ്ങിന്റെ ഉറപ്പ്‌ ജസ്റ്റിസ്‌ വെങ്കടചല്ലയ്യ മുഖവിലക്കെടുത്തു. എന്നാൽ, സംഭവം നടന്ന ദിവസം കർസേവകരെ തടയാൻ ഒരു നടപടിയുമുണ്ടായില്ല. അവർ ഇരച്ചുകയറി മസ്‌ജിദ്‌ തകർത്തു. പിന്നീട്‌ കോടതിയിൽ ഹാജരായപ്പോൾ നാണക്കേടുകൊണ്ട്‌ എന്റെ തല കുനിഞ്ഞു. എത്രയും വേഗം മസ്‌ജിദ്‌ പുനർനിർമിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന്‌ കോടതിയോട്‌ ആവശ്യപ്പെട്ടു. അന്നത്തെ സാഹചര്യത്തിൽ, ഏറ്റവും ശരിയെന്ന്‌ ബോധ്യപ്പെട്ട ഒരാവശ്യമാണത്‌. എന്നാൽ, ഞാൻ എന്തോ തമാശ പറയുന്നു എന്ന മട്ടിലാണ്‌ അറ്റോണി ജനറലായിരുന്ന മിലൻ ബാനർജി പ്രതികരിച്ചത്‌.


മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്നുള്ള സിഖ്‌ വംശഹത്യയുടെ ചോരപുരണ്ട ദിനങ്ങളെ പറ്റിയും ആത്മകഥയിൽ പ്രതിപാദിച്ചിട്ടുണ്ട്‌. ‘അന്നത്തെ രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്‌ കൂട്ടക്കുരുതി അരങ്ങേറിയത്‌ –അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home