print edition ജന്തർ മന്തർ കത്തുമ്പോൾ ഒളിച്ചോടി കോൺഗ്രസ്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങിയ വൻ പ്രക്ഷോഭത്തോട് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് പുലർത്തിയത് നിഷേധാത്മക സമീപനം. കോക്ക്റോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജീത്ത് ദീപ്കെ സമരം പ്രഖ്യാപിച്ചതു മുതൽ, വിദ്യാർഥി–-യുവജന പോരാട്ടത്തിന്റെ വീര്യത്തെയും വിശ്വാസ്യതയെയും ഇടിച്ചുതാഴ്ത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. ജനകീയ സമരത്തെ "സർക്കാർ സ്പോൺസേർഡ്' നാടകമെന്ന് ആക്ഷേപിച്ച് പ്രതിരോധത്തിലാക്കാനായിരുന്നു നീക്കം. എസ്‌എ-ഫ്‌ഐയും ഡിവൈഎഫ്ഐയും ഉൾപ്പെടെ ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകൾ തുടക്കം മുതൽ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചപ്പോൾ കോൺഗ്രസ് പോഷക സംഘടനകളായ എൻഎസ്‌യുവും യൂത്ത്‌കോൺഗ്രസും പൂർണമായും ഒളിച്ചോടി.
സിപിഐ എം അടക്കമുള്ള പ്രതിപക്ഷ പാർടികൾ യുവജന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതികരിച്ചതേയില്ല. സോനം വാങ്‌ചുക് നിരാഹാരം ആരംഭിച്ചതിന് ശേഷം മാത്രം ശശി തരൂരിനെ പോലെ ചുരുക്കം കോൺഗ്രസ് നേതാക്കൾ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോ പിന്തുണ അറിയിച്ചതേയില്ല.
വിപ്ലവത്തിനുള്ള ആഹ്വാനം അഖിലേഷ് യാദവ്
വിദ്യാർഥികൾക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ ഭീകരസമാനമായ അടിച്ചമർത്തലിരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർടികൾ. യുവജനങ്ങളുടെ രോഷമാണ് പ്രതിഫലിച്ചതെന്നും അക് വിപ്ലവത്തിനുള്ള ആഹ്വാനമാണെന്നും സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. പൊലീസ് നടപടി ലോക്‌സഭയിൽ ചൊവ്വാഴ്‌ച ഉന്നയിക്കും. വർഷങ്ങളായി കേന്ദ്രസർക്കാർ സർക്കാർ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഭാവി കൊണ്ടാണ് കളിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ യുവജന വിരുദ്ധനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വിദ്യാർഥികളെ എങ്ങനെയാണ് ഇത്തരത്തിൽ തല്ലിച്ചതയ്‌ക്കാൻ കഴിയുന്നതെന്ന് ആർജെഡി ചോദിച്ചു. പൊലീസ് നടപടിയെ ഡിഎംകെ അപലപിച്ചു. നീറ്റിൽ പ്രശ്‌നങ്ങളുണ്ടെന്ന് സമ്മതിച്ച ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.










0 comments