ad
Deshabhimani

print edition ദിവസം പത്തായി: മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്‌

Congress.jpg
വെബ് ഡെസ്ക്

Published on May 13, 2026, 12:51 AM | 1 min read

ന്യൂഡൽഹി: ​തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ച്‌ ഒമ്പതാം ദിനവും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്‌ നേതൃത്വം. ഹൈക്കമാൻഡ്‌ നിർദേശാനുസരണം ഡൽഹിയിലെത്തിയ കെപിസിസി മുൻ പ്രസിഡന്റുമാർ, വർക്കിങ് പ്രസിഡന്റുമാർ, മുതിർന്ന നേതാക്കൾ തുടങ്ങിയവരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തിയെങ്കിലും ചൊവ്വാഴ്ചയും പ്രഖ്യാപനമുണ്ടായില്ല. ബുധനാഴ്ചയോ വ്യാഴാഴ്ചയോ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ്‌ നേതാക്കളുടെ പ്രതീക്ഷ.


രാഹുലുമായുള്ള കൂടിക്കാഴ്ചയിൽ നേതാക്കളിൽ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണച്ചു. വി ഡി സതീശന്‌ വേണ്ടി മുസ്ലിംലീഗ്‌ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ നടത്തുന്ന സമ്മർദങ്ങൾക്കും സമ‍ൂഹമാധ്യമങ്ങളിൽ നടത്തുന്ന ആസൂത്രിത ശക്തിപ്രകടനങ്ങൾക്കും ഒരുകാരണവശാലും വഴങ്ങരുതെന്ന്‌ വർക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്‌ണുനാഥ്‌, എ പി അനിൽകുമാർ, ഷാഫി പറന്പിൽ എന്നിവർ രാഹുലിനോട്‌ അഭ്യർഥിച്ചു. കോൺഗ്രസിന്റെ നേതാവിനെ തീരുമാനിക്കേണ്ടത്‌ കോൺഗ്രസാണെന്നും ഘടകകക്ഷികൾക്ക്‌ റോളില്ലെന്നും ലീഗിനെ വെല്ലുവിളിച്ച്‌ എം എം ഹസൻ തുറന്നടിച്ചു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ വളഞ്ഞിട്ടാക്രമിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ്‌ ലീഗ്‌.


വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാണ്‌ ഹൈക്കമാൻഡിന്റെ താൽപ്പര്യമെന്ന റിപ്പോർട്ടുകളെ ശരിവയ്ക്കുന്നതായിരുന്നു ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചയിൽ രാഹുലിന്റെ ഇടപെടലുകളെന്ന്‌ സൂചനയുണ്ട്‌. ‘ഞങ്ങൾ ഇ‍ങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ട്‌. എന്താണ്‌ അഭിപ്രായം?’ എന്ന മട്ടിലായിരുന്നു നേതാക്കളോടുള്ള രാഹുലിന്റെ ചോദ്യം. മുതിർന്ന നേതാക്കളുടെ ഉൾപ്പെടെ അഭിപ്രായങ്ങൾ മാനിച്ചാണ്‌ തീരുമാനമെടുത്തതെന്ന പ്രതീതി സൃഷ്ടിക്കാനുള്ള തന്ത്രമായിരുന്നു കൂടിക്കാഴ്ചയെന്ന വിമർശവും ചില നേതാക്കൾ ഉന്നയിച്ചു.


വേണുഗോപാൽ സ്വന്തം വസതിയിൽനിന്നു പുറത്തിറങ്ങിയില്ലെങ്കിലും ചർച്ചയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. മറ്റ്‌ നേതാക്കൾ കേരളത്തിലേക്ക്‌ മടങ്ങി. ജനവിധിയെ അപഹസിക്കും വിധത്തിൽ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി കസേരയ്ക്കായി തമ്മിലടിക്കുന്നത്‌ ദേശീയതലത്തിൽ തന്നെ കോൺഗ്രസിന്‌ വലിയ നാണക്കേടാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. അതിനിടെ സംസ്ഥാനത്തെ അസാധാരണസാഹചര്യം ചർച്ചചെയ്യാൻ മുസ്ലീംലീഗ്‌ നേതൃയോഗം ബുധനാഴ്‌ച പാണക്കാട്‌ ചേരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home