കോഗ്നിസെന്റിലും കൂട്ടപ്പിരിച്ചുവിടൽ; 15,000 പേർക്ക് ജോലി നഷ്ടമായേക്കും

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File
ന്യൂഡൽഹി : പ്രമുഖ ഐടി കമ്പനിയായ കോഗ്നിസെന്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള 15,000ത്തിലധികം പേരെ
ഇത് ബാധിച്ചേക്കും. കൂട്ടപ്പിരിച്ചുവിടലുകളിൽ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കാനാണ് സാധ്യത. ഒറാക്കിൾ, ആമസോൺ എന്നിവയ്ക്ക് ശേഷം ഐടി മേഖലയിലെ ഈ വർഷത്തെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്.
എത്രപേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 12,000 മുതൽ 15,000 വരെ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടേക്കാം. ലോകമെമ്പാടുമായി 3,57,000ത്തിലധികം ജീവനക്കാരുള്ള കോഗ്നിസെന്റിന്റെ ഏറ്റവും വലിയ പ്രവർത്തന കേന്ദ്രമാണ് ഇന്ത്യ. രാജ്യത്ത് മാത്രം 2,50,00ത്തിലധികം പേർ കോഗ്നിസെന്റിൽ ജോലി ചെയ്യുന്നുണ്ട്.
കൂട്ടപ്പിരിച്ചുവിടലിന് വിധേയരാകുന്ന ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾക്കായി കമ്പനി മാറ്റിവെച്ചിട്ടുള്ള തുകയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവന്നത്. ഏപ്രിൽ 29ന് നടന്ന ത്രൈമാസ വരുമാന പ്രഖ്യാപനത്തിൽ ഇത്തരം ആനുകൂല്യങ്ങൾക്കായി 230 മില്യൺ ഡോളർ മുതൽ 320 മില്യൺ ഡോളർ വരെ ചെലവാകുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ ഒരു ജീവനക്കാരന്റെ ശരാശരി വാർഷിക ശമ്പളം 15 ലക്ഷം രൂപയാണെന്ന് റിപ്പോർട്ട് പറയുന്നു. പിരിച്ചുവിടപ്പെടുന്നവർക്ക് ആറ് മാസത്തെ ശമ്പളം ആനുകൂല്യമായി നൽകിയാൽ ഒരാൾക്ക് ഏകദേശം 7.5 ലക്ഷം രൂപ ലഭിക്കും. ഈ കണക്കനുസരിച്ച് കോഗ്നിസെന്റ് പ്രോജക്റ്റ് ലീപ് എന്ന പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ള തുക ഇന്ത്യയിൽ മാത്രം 12,000 മുതൽ 13,000 വരെ ജീവനക്കാരെ ഒഴിവാക്കാൻ പര്യാപ്തമാണ്.
തുടക്കക്കാരായ ജീവനക്കാരെ അമിതമായി ആശ്രയിക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് ക്ലയന്റുകൾ മാറി ചിന്തിക്കുന്നതാണ് ഈ പിരിച്ചുവിടലുകൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനുള്ള ചെലവ് വഹിക്കാൻ പല ക്ലയന്റുകളും ഇപ്പോൾ തയ്യാറല്ലെന്ന് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നു. കോഗ്നിസെന്റ് സിഇഒ രവി കുമാർ എസും കമ്പനിയുടെ പുനഃസംഘടനയെക്കുറിച്ച് സൂചന നൽകിയിട്ടുണ്ട്. ഡിജിറ്റൽ തൊഴിലിനേയും ജീവനക്കാരെയും സംയോജിപ്പിച്ചുകൊണ്ട് കൂടുതൽ കാര്യക്ഷമമായ ഒരു തൊഴിൽ രീതിയിലേക്കാണ് കമ്പനി നീങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.










0 comments