ad
Deshabhimani

സിജെപി രാഷ്ട്രീയ പാർട്ടിയാകുന്നു; രജിസ്ട്രേഷനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകൻ

CJP.jpg
വെബ് ഡെസ്ക്

Published on May 26, 2026, 09:14 PM | 2 min read

പാനിപ്പത്ത്: സാമൂഹിക മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയോടെ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയാകാൻ ഒരുങ്ങുന്നു. ഓൺലൈൻ കൂട്ടായ്മയെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ പാനിപ്പത്തിൽ നിന്നുള്ള അഭിഭാഷകൻ സുധീർ ജാഖർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി.


എന്നാൽ, പാർട്ടിയുടെ യഥാർത്ഥ സ്ഥാപകനായ അഭിജിത് ദിപ്‌കെയെ പൂർണ്ണമായും ഒഴിവാക്കി, സ്വതന്ത്രമായി തന്റെ പേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാനാണ് ജാഖർ അപേക്ഷ നൽകിയിരിക്കുന്നത് എന്നത് സിജെപിയിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.


ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 29 എ പ്രകാരം നൽകിയ അപേക്ഷയിൽ പാർട്ടിയുടെ ദേശീയ കൺവീനർ ആയിട്ടാണ് സുധീർ ജാഖർ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി ജഡ്ജിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഈ മാസം ആദ്യം ഈ കൂട്ടായ്മ രൂപം കൊണ്ടത്.


എന്നാൽ അവിശ്വസനീയമായ വേഗതയിലാണ് ഈ ഓൺലൈൻ മൂവ്‌മെന്റ് വളർന്നത്. വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയേക്കാൾ കൂടുതൽ ഫോളോവേഴ്‌സിനെ സ്വന്തമാക്കാൻ സിജെപിക്ക് കഴിഞ്ഞു. ലക്ഷക്കണക്കിന് യുവാക്കളാണ് ഇതിനകം തന്നെ ഓൺലൈൻ മെമ്പർഷിപ്പ് ഫോമുകൾ വഴി ഈ ഡിജിറ്റൽ പാർട്ടിയിൽ അംഗത്വമെടുത്തത്.


അമേരിക്കയിലെ ബോസ്റ്റൺ സർവ്വകലാശാലയിൽ ഉപരിപഠനം നടത്തുന്ന അഭിജിത് ദിപ്‌കെയാണ് സിജെപിയുടെ സ്ഥാപകൻ. പാർട്ടിയുടെ ജനപ്രീതി വർദ്ധിച്ചതോടെ അദ്ദേഹത്തോട് ഇന്ത്യയിലേക്ക് മടങ്ങിവരാൻ തങ്ങൾ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അത് നിരസിച്ചതായി സുധീർ ജാഖർ അവകാശപ്പെടുന്നു.


തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച അപേക്ഷയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 51എ പ്രകാരമുള്ള മൗലിക കർത്തവ്യങ്ങളുടെ പ്രചാരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങളാണ് ജാഖർ കാണിച്ചിരിക്കുന്നത്.


എന്നാൽ, വിരമിച്ച ജഡ്ജിമാർക്ക് രാജ്യസഭാ സീറ്റ് നൽകരുത്, രാഷ്ട്രീയ കൂറുമാറ്റക്കാർക്ക് 20 വർഷം തിരഞ്ഞെടുപ്പ് നിരോധനം ഏർപ്പെടുത്തണം തുടങ്ങിയവയായിരുന്നു സിജെപി സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടുവെച്ച യഥാർത്ഥ ആവശ്യങ്ങൾ.


ഇത്തരത്തിൽ ആശയങ്ങളിലും ലക്ഷ്യങ്ങളിലും വലിയ വ്യത്യാസമുള്ള സാഹചര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക ഭാരവാഹികൾ ആരെന്നത് തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനാധികാരമുണ്ട്. കൂടാതെ, പാർട്ടി ആവശ്യപ്പെടുന്ന 'പാറ്റ' ചിഹ്നത്തിന് കമ്മീഷൻ അംഗീകാരം നൽകാൻ സാധ്യത കുറവാണെന്നും സൂചനയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home