ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് മരണം

ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും വെള്ളപ്പൊക്കവും. കത്വ ജില്ലയിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ രണ്ട് വ്യത്യസ്ത മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്ബാഗിലെ ജോധ് ഘാട്ടി ഗ്രാമത്തിലും ജംഗ്ലോട്ട് ജില്ലയിലും രാത്രിയിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് ദുരന്തം.
മേഘവിസ്ഫോടനത്തിൽ ജോധ് ഘാട്ടിയിൽ അഞ്ച് പേരാണ് മരിച്ചത്. ഗ്രാമത്തിലേക്കുള്ള ഗതാഗതം തടസപ്പെടുകയും ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ജംഗ്ലോട്ട് പ്രദേശത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ജോധ് ഘാട്ടിയിൽ നിന്ന് അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) സന്നദ്ധപ്രവർത്തകരും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം.
കത്‍വ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഗാർഡ്, ചാങ്ഡ ഗ്രാമങ്ങളിലും ലഖൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിൽവാൻ-ഹുട്‌ലിയിലും മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കനത്ത മഴയെത്തുടർന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയർന്നതായും ഉഝ് നദിയിലെ ജനലിരപ്പ് അപകടരേഖയ്ക്ക് സമീപമാണെന്നും അധികൃതർ പറഞ്ഞു. ജനങ്ങൾക്ക് ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജൂതാന ജോധിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബം മണ്ണിനടിയിലായതായി സംശയിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുവിലെ കിഷ്ത്വാറിലുണ്ടായ മിന്നൽപ്രളയത്തിലും മേഘവിസ്ഫോടനത്തിലും 60ഓളം പേർ മരണപ്പെട്ടിരുന്നു.








0 comments