ഹിമാചലിൽ മേഘവിസ്ഫോടനം; നിരവധി വാഹനങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ, കൃഷിനാശം

cloudburst himachal

video screenshot

വെബ് ഡെസ്ക്

Published on Sep 13, 2025, 12:48 PM | 1 min read

ഷിംല : ഹിമാചൽപ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. നിരവധി വാഹനങ്ങൾ മണ്ണിനും അവശിഷ്ടങ്ങൾക്കുമടിയിൽ കുടുങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിലാസ്പൂർ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. കൃഷിയിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നൈന ദേവി നിയമസഭാ മണ്ഡലത്തിലെ നാംഹോൾ പ്രദേശത്തെ ഗുത്രഹാൻ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.


തലസ്ഥാനമായ ഷിംലയിൽ മൂടൽമഞ്ഞ് വീശിയതോടെ ദൃശ്യപരത കുറഞ്ഞത് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


അട്ടാരി-ലേ റോഡ് (ദേശീയപാത-3), ഔട്ട്-സൈഞ്ച് റോഡ് (എൻഎച്ച്-305), അമൃത്സർ-ഭോട്ട റോഡ് (എൻഎച്ച്-503എ) എന്നിവയുൾപ്പെടെ 503 റോഡുകളാണ് വെള്ളിയാഴ്ച വൈകുന്നേരം സംസ്ഥാനത്ത് അടച്ചത്. സംസ്ഥാന അടിയന്തര പ്രവർത്തന കേന്ദ്രത്തിന്റെ (എസ്ഇഒസി) കണക്കനുസരിച്ച് അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും കാരണം സംസ്ഥാനത്ത് ഏകദേശം 953 പവർ ട്രാൻസ്‌ഫോർമറുകളും 336 ജലവിതരണ പദ്ധതികളും തടസപ്പെട്ടു.


ജൂൺ 20 മുതൽ സെപ്തംബർ 12 വരെ സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിലും റോഡപകടങ്ങളിലും ആകെ 386 പേർ മരിച്ചു. 218 പേർ മഴക്കെടുതിയിലും 168 പേർ റോഡപകടങ്ങളിലുമാണ് മരിച്ചത്. 4,465 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ജൂൺ 1 മുതൽ സെപ്തംബർ 12 വരെ ഹിമാചൽ പ്രദേശിൽ ശരാശരി 967.2 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണയിലും 43 ശതമാനം അധികം മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ കണക്കുകൾ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home