ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഒരു മരണം, ചമോലിയിൽ വ്യാപക നാശനഷ്ടം

photo credit: X
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം. ഒരാൾ മരിച്ചതായാണ് വിവരം. ചമോലിയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ജില്ലയിലെ തരാലി പട്ടണത്തിൽ രാത്രിയിൽ പെയ്ത കനത്ത മഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി നിരവധി വീടുകളിൽ വെള്ളം കയറി. രണ്ടുപേരെ കാണാതായി. സാഗ്വാര, ചെപ്ഡൺ മാർക്കറ്റ് പ്രദേശങ്ങളിൽ നിന്ന് രണ്ട് പേരെ കാണാതായി.
സാഗ്വാരയിൽ നിന്ന് 20കാരിയെയും ചെപ്‌ഡോണിൽ മറ്റൊരാളെയും കാണാതായതായി ഉദ്യോഗസ്ഥർ പറഞ്ഞു. തരാളിയിലും പരിസര പ്രദേശങ്ങളിലും കെട്ടിടങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി ചമോലി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിവേക് പ്രകാശ് പറഞ്ഞു. മലവെള്ളപ്പാച്ചിലുണ്ടായതോടെ റോഡുകൾ തകർന്ന് ഗതാഗതം തടസപ്പെട്ടു. വെള്ളപ്പാച്ചിലിൽ അവശിഷ്ടങ്ങൾ ഒഴുകി വന്ന് വീടുകളിലും കെട്ടിടങ്ങളിലും റോഡുകളിലും നിറഞ്ഞു. തഹസിൽ സമുച്ചയത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മണ്ണിനടിയിലായി.
ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നുണ്ടെന്ന് വിവേക് പ്രകാശ് പറഞ്ഞു. തരാളിയുമായി ബന്ധിപ്പിക്കുന്ന കർണപ്രയാഗ്-ഗ്വാൾഡാം ദേശീയ പാത അടച്ചിട്ടതായി ചമോലി ജില്ലാ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. പ്രദേശത്തെ സ്കൂളുകൾക്ക് ശനിയാഴ്ച അവധി നൽകി. ഉത്തരകാശി ജില്ലയിൽ മേഘവിസ്ഫോടനം നാശം വിതച്ച് ഒരാൾ കൊല്ലപ്പെടുകയും 65 പേരെ കാണാതാവുകയും ചെയ്തതിന് ആഴ്ചകൾക്ക് ശേഷമാണ് വീണ്ടും ചമോലിയിൽ നാശനഷ്ടമുണ്ടായത്.








0 comments