സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് അജിക്യ ഷിൻഡെ

അജിക്യ ഷിൻഡെ
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ആരോപണം. സിജെപി സ്ഥാപൻ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, രത്‌ന സിങ് തുടങ്ങിയവരെക്കുറിച്ച് യാതൊരുവിവരവും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് സംഘടനയുടെ ദേശീയ ഓർഗനൈസേഷൻ ഇൻ-ചാർജ് അജിങ്ക്യ ഷിൻഡെ പറഞ്ഞു. എസ്എഫ്ഐ, എഐഎസ്എഫ് നേതാക്കൾക്കൊപ്പം സുർജിത് ഭവനിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരങ്ങളെ അറസ്റ്റ് ചെയ്താൽ സമരം അവസാനിപ്പിക്കാമെന്നാണ് കേന്ദ്രസർക്കാർ കരുതിയത്, എന്നാൽ ഗ്യാനേഷിന്റെ രാജിവരെ സമരം തുടരുമെന്നും അജിക്യ ഷിൻഡെ പറഞ്ഞു. തെരുവുകൾ നിറച്ച് പോരാട്ടം തുടരും. വോട്ട് കള്ളൻ ഗ്യാനേഷിനെ രക്ഷിക്കാൻ കേന്ദ്രം ഡൽഹിയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ ഭയന്നുവെന്നതിന്റെ തെളിവാണിത്– ഷിൻഡെ പറഞ്ഞു.
ഗ്യാനേഷ് കുമാറിനെ വിടില്ലെന്നും രാജിവെയ്‌ക്കും വരെ സമരം തുടരുമെന്നും എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ പറഞ്ഞു. കമീഷന്റെ വിശ്വാസ്യത പുനസ്ഥാപിക്കണം. എല്ലാവർക്കും വേണ്ടിയുള്ള സമരമാണിതെന്നും ശ്രിജൻ പറഞ്ഞു.
സിജെപിയും ഇടത് വിദ്യാർഥി, യുവജന സംഘടനകളുമാണ് ശനിയാഴ്ച ജന്തർമന്തറിൽ സമരം പ്രഖ്യാപിച്ചത്.








0 comments