print edition സാംസങ്ങിനെ മുട്ടുകുത്തിച്ച ചെങ്കരുത്ത്

ചെന്നെെയിലെ സാംസങ് പ്ലാന്റിൽ നടന്ന തൊഴിലാളി സമരം (ഫയൽ ചിത്രം)
ആഗോളഭീമനായ സാംസങ്ങിനെ മുട്ടുകുത്തിച്ചാണ് ശ്രീപെരുമ്പത്തൂരിലെ തൊഴിലാളികൾ നടത്തിയ ഉജ്വല പ്രക്ഷോഭം ചരിത്രവിജയം നേടിയത്. ഒമ്പതു മാസത്തോളം നീണ്ട നിയമപോരാട്ടത്തിനും 37 ദിവസം നീണ്ട പണിമുടക്കിനും ഒടുവിലാണ് തൊഴിലാളികളുടെ ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിച്ചത്. സിഐടിയു നയിച്ച സമരം ഐടി–-ഇലക്‌ട്രോണിക്‌സ് മേഖലയിലെ അവകാശപോരാട്ടങ്ങൾക്ക് പുതിയ പ്രതീക്ഷയും ദിശാബോധവും നൽകി.
2024 സെപ്‌തംബർ ഒന്പതിനാണ് ശ്രീപെരുമ്പത്തൂരിലെ സാംസങ് പ്ലാന്റിൽ സമരമാരംഭിച്ചത്. റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവ നിർമിക്കുന്ന പ്ലാന്റിലെ 1800 തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും സിഐടിയുവിന് കീഴിൽ സമരത്തിൽ അണിനിരന്നതോടെ ഉൽപ്പാദനം പൂർണമായും നിലച്ചു. തൊഴിലാളികൾക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ച പ്രതികാര നടപടികൾ ഒന്നൊന്നായി പരാജയപ്പെട്ടു. 27 തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യുകയും നൂറുകണക്കിന് പേർക്ക് നോട്ടീസ് നൽകുകയും ചെയ്‌തിരുന്നു.
ഒരാളെപ്പോലും തനിച്ചാക്കില്ല എന്ന നിലപാടിൽ സിഐടിയു ഉറച്ചുനിന്നതോടെ നടപടികൾ പിൻവലിക്കാമെന്ന് മാനേജ്‌മെന്റിന് സമ്മതിക്കേണ്ടി വന്നു. സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റായ സിഐടിയു തമിഴ്‌നാട് സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ഇ മുത്തുകുമാറിനെ പൊലീസ് പലതവണ കരുതൽതടങ്കലിലാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. സമരപ്പന്തൽ പൊളിച്ചുമാറ്റിയപ്പോഴും തൊഴിലാളികൾ ഐക്യത്തോടെ സമരത്തിൽ ഉറച്ചുനിന്നു.
തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ മാനേജ്‌മെന്റിനു മുട്ടുമടക്കേണ്ടിവന്നു. കരാർ പ്രകാരം തൊഴിലാളികൾക്ക് മൂന്ന് വർഷത്തിനുള്ളിൽ ശമ്പളത്തിൽ 18,000 രൂപയുടെ വർധന ഉറപ്പുനൽകി. 4,000 രൂപ വരെ പ്രത്യേക ഇൻസെന്റീവ് നൽകും. ആറ് വർഷമായിട്ടും സ്ഥാനക്കയറ്റം ലഭിക്കാത്തവർക്ക് ഒറ്റത്തവണ പ്രത്യേക പ്രമോഷൻ ഉറപ്പാക്കി. ഇൻഷുറൻസ് കവറേജും അവധി ആനുകൂല്യങ്ങളും വർധിപ്പിച്ചു.
സാംസങ്ങിന്റെ ആഗോള ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്ലാന്റിൽ തൊഴിലാളിയൂണിയനെ അംഗീകരിക്കേണ്ടിവന്നത്. സാംസങ് എന്ന പേര് യൂണിയനിൽ ഉപയോഗിക്കുന്നതിനെതിരെ കന്പനി തടസ്സവാദങ്ങളുന്നയിച്ചപ്പോൾ സിഐടിയു ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തു.









0 comments