ad
Deshabhimani

print edition യോജിച്ച പ്രക്ഷോഭത്തിന് തൊഴിലാളികളും കർഷകരും

citu
avatar
സ്വന്തം ലേഖകൻ

Published on Jul 24, 2026, 12:11 AM | 1 min read

റാഞ്ചി: മോദി സർക്കാരിന്റെ തൊഴിലാളി– കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ സിഐടിയു അഖിലേന്ത്യാ പ്രവർത്തകസമിതി തീരുമാനിച്ചു. അഖിലേന്ത്യാ ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും സംയുക്തമായാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ജൂലൈ 29ന് ഡൽഹി താൽകട്ടോറ സ്റ്റേഡിയത്തിൽ അഖിലേന്ത്യ കൺവൻഷൻ ചേരും. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രാതിനിധ്യം ഉണ്ടാവും. ആഗസ്‌ത്‌ 10ന് രാജ്യവ്യാപകമായി ജയിൽനിറയ്ക്കൽ സമരം സംഘടിപ്പിക്കും. ഒക്ടോബർ 6ന് അങ്കണവാടി, ആശ, ഉച്ചഭക്ഷണ ജീവനക്കാർ എന്നിവർ യോജിച്ച് ഡൽഹിയിൽ മഹാധർണ സംഘടിപ്പിക്കാനും പ്രവർത്തകസമിതി തീരുമാനിച്ചു.


കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട്‌ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരം അടിച്ചമർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി. ലേബർ കോഡുകൾ നടപ്പാക്കാൻ കേന്ദ്രസർക്കാരും സ്വകാര്യ വ്യവസായ മാനേജ്മെന്റുകളും നടപടികൾ സ്വീകരിക്കുന്നതിനെതിരെ തൊഴിലാളികളുടെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കും.


ഇന്ത്യ-–അമേരിക്കൻ വ്യാപാരക്കരാർ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കും. കർഷക സംഘടനകൾ ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. തൊഴിലുറപ്പ് പദ്ധതി തകർത്ത്, കേന്ദ്രം കൊണ്ടുവന്ന പുതിയ പദ്ധതി ദരിദ്രഗ്രാമീണ ജനതയ്ക്ക് കനത്ത ആഘാതമാണ്. വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനുള്ള നീക്കം തകൃതിയായി നടക്കുന്നു. ഈ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുന്നത്.


റാഞ്ചിയിൽ ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ പ്രസിഡന്റ് സുദീപ് ദത്ത അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ടും ഭാവിപ്രവർത്തനങ്ങളും അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home