കേരളത്തിന് അഭിവാദ്യം; എൽഡിഎഫ് സർക്കാർ തുടരണം
print edition സന്ധിയില്ലാത്ത സമരം ; സമ്മേളനത്തിന് ഉജ്വല സമാപനം

സിഐടിയു അഖിലേന്ത്യ സമ്മേളന സമാപന വേദിയിൽ മുൻ പ്രസിഡന്റ് കെ ഹേമലത സംസാരിക്കുന്നു. പ്രസിഡന്റ് സുദീപ് ദത്ത, ജനറൽ സെക്രട്ടറി എളമരം കരീം എന്നിവർ സമീപം

വിജേഷ് ചൂടൽ
Published on Jan 05, 2026, 02:52 AM | 3 min read
വിശാഖപട്ടണം
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് സിഐടിയു പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിന് സമാപനം. പുതിയ തൊഴിൽമേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും സംഘടനയുടെ സ്വതന്ത്രമായ കരുത്ത് കൂടുതൽ ശക്തിപ്പെടുത്താനുമുള്ള സുപ്രധാന തീരുമാനങ്ങളാണ് സമ്മേളനം കൈക്കൊണ്ടത്. അടിയന്തരമായി നേടിയെടുക്കേണ്ട സുപ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സമരങ്ങൾ വിപുലവും തീവ്രവുമാക്കാൻ വഴിയൊരുക്കുന്ന കർമപദ്ധതി സമ്മേളനം ചർച്ചചെയ്‌ത് അംഗീകരിച്ചു. സമ്മേളനത്തിൽ നടന്ന ചർച്ചകൾക്ക് ഞായറാഴ്‌ച രാവിലെ ജനറൽ സെക്രട്ടറി തപൻ സെൻ മറുപടി പറഞ്ഞു. തുടർന്ന് റിപ്പോർട്ടും ഭാവിദൗത്യങ്ങൾ സംബന്ധിച്ച രേഖയും സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികളെയും ജനറൽ കൗൺസിലിനെയും വർക്കിങ് കമ്മിറ്റിയെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

വൈകിട്ട് അരലക്ഷം തൊഴിലാളികൾ അണിനിരന്ന ഉജ്വലമായ പ്രകടനത്തോടെയാണ് സമ്മേളനത്തിന് പതാക താഴ്‌ന്നത്. തുറമുഖ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചെങ്കൊടികളുമായി ഒഴുകിയെത്തിയ തൊഴിലാളികൾ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ചെങ്കടൽ തീർത്തു. വിപ്ലവഗാനങ്ങളും സാംസ്‌കാരിക പരിപാടികളുമായാണ് പൊതുസമ്മേളനം ആരംഭിച്ചത്. സമാപന സമ്മേളനത്തിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ ഹേമലത അധ്യക്ഷയായി. അഞ്ചുദിവസമായി ചേർന്ന സമ്മേളനത്തിന്റെ തീരുമാനങ്ങൾ സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി തപൻ സെൻ വിശദീകരിച്ചു.
ഭാവികടമകൾ ഏറ്റെടുത്ത് സമരരംഗത്തിറങ്ങാനുള്ള ആഹ്വാനത്തെ തൊഴിലാളികൾ ഹർഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയും ഏറ്റെടുത്തു. സമ്മേളനം തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറി എളമരം കരീം ഭാവിപ്രക്ഷോഭങ്ങളെക്കുറിച്ചും രാജ്യത്തെ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സംസാരിച്ചു. പ്രസിഡന്റ് സുദീപ് ദത്ത, സിഐടിയു അഖിലേന്ത്യ ട്രഷറർ എം സായിബാബു, സംസ്ഥാന പ്രസിഡന്റ് എ വി നാഗേശ്വരറാവു, സ്വാഗതസംഘം ചെയർമാൻ സി എച്ച് നരസിംഹ റാവു, അഖിലേന്ത്യ വൈസ് പ്രസിഡന്റ് ബേബിറാണി, മുതിർന്ന നേതാവ് എം എ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

25 സംസ്ഥാനത്തുനിന്നായി 1278 പ്രതിനിധികൾ
രാജ്യത്തെ 25 സംസ്ഥാനങ്ങളിൽനിന്നായി 36 ഭാരവാഹികൾ ഉൾപ്പെടെ 1278 പ്രതിനിധികളാണ് സിഐടിയു അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുത്തത്. 312 വനിതകൾ (24 ശതമാനം). 30 വയസ്സിനു താഴെയുള്ള രണ്ടുപേർ. 71 പിന്നിട്ട 100 പേർ.
രാജസ്ഥാനിൽനിന്നുള്ള ഇരുപത്തിയെട്ടുകാരൻ വിജയ്‌കുമാർ ശർമയാണ് പ്രായംകുറഞ്ഞ പ്രതിനിധി. ഏറ്റവും മുതിർന്ന പ്രതിനിധിയായ ബിഹാറിൽനിന്നുള്ള ഗണേഷ് ശങ്കർസിങ് (86) ഒന്പതുവർഷം ഒളിവുജീവിതം നയിച്ചു. പ്രതിനിധികളിൽ 379 പേർ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ബിഷ്‌ണു മൊഹന്തി നാലുവർഷവും ഒന്പതുമാസവും. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട 52 പേർ പ്രതിനിധികളായി. ആദ്യമായി അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന 232 പ്രതിനിധികളുണ്ട്. 17 സമ്മേളനങ്ങളിൽ പങ്കെടുത്ത അഞ്ചുപേരുണ്ട്.

സിഐടിയു ട്രഷറർ എം സായി ബാബു, അഖിലേന്ത്യ പ്രസിഡന്റ് സുദീപ് ദത്ത, ജനറൽ സെക്രട്ടറി എളമരം കരീം
എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നു
കേരളത്തിന് അഭിവാദ്യം ; എൽഡിഎഫ് സർക്കാർ തുടരണം
മോദി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ–ജനവിരുദ്ധ നയങ്ങൾക്കെതിരെ ബദലുയർത്തുന്ന കേരളത്തിന് ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ഐക്യദാർഢ്യം. വെല്ലുവിളികൾ നേരിട്ട് തൊഴിലാളിവർഗ ബദൽനയം ഉയർത്തിപ്പിടിക്കുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് വൈസ് പ്രസിഡന്റ് അനാദികുമാർ സാഹു അവതരിപ്പിച്ച പ്രമേയം സിഐടിയു 18–ാം അഖിലേന്ത്യ സമ്മേളനം ഐകകണ്‌ഠ്യേന പാസാക്കി.
ലേബർകോഡുകൾക്കെതിരെ കേരള സർക്കാർ നടത്തുന്ന ചെറുത്തുനിൽപ്പിനെയും തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് സംഘടിപ്പിക്കാൻ മുൻകൈയെടുത്തതിനെയും സമ്മേളനം അഭിനന്ദിച്ചു. കേരളത്തിന്റെ തൊഴിലാളി അനുകൂല ബദൽനയങ്ങൾ മറ്റ് സംസ്ഥാന സർക്കാരുകൾക്ക് അനുകരിക്കാൻ കഴിയുന്ന വിപ്ലവകരമായ മാതൃകയാണ്. എൽഡിഎഫ് സർക്കാരിന്റെ -ജനപക്ഷ ബദൽനയങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയിലെ തൊഴിലാളികൾ ഒന്നടങ്കം നിലകൊള്ളണം.
കേന്ദ്രം ഫണ്ട് നിഷേധിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും തൊഴിലാളി ക്ഷേമബോർഡുകളിലെ പെൻഷനും നഷ്‌ടപരിഹാരവും വർധിപ്പിക്കാനുള്ള തീരുമാനങ്ങൾ ശ്രദ്ധേയം. രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. നിരവധി കാർഷികവിളകൾക്ക് ഏറ്റവും ഉയർന്ന മിനിമം താങ്ങുവില നൽകുന്നു. എല്ലാവർക്കും വീട് ഉറപ്പാക്കാനുള്ള പ്രവർത്തനത്തിലാണ് എൽഡിഎഫ് സർക്കാർ. 64,000 കുടുംബങ്ങളെ കൈപിടിച്ചുയർത്തി അതിദാരിദ്ര്യം തുടച്ചുനീക്കുന്ന ആദ്യ സംസ്ഥാനമായി മാറി കേരളം.
വിവിധ വ്യവസ്ഥകളും വിലക്കുകളും ഏർപ്പെടുത്തി കേന്ദ്രസർക്കാർ കേരളത്തിനുമേൽ ചുമത്തിയ സാമ്പത്തിക ഉപരോധത്തിൽ സമ്മേളനം അഗാധമായ ആശങ്ക രേഖപ്പെടുത്തി. ദുരന്തനിവാരണ ഫണ്ടുകൾപോലും ബിജെപി സർക്കാർ മനുഷ്യത്വരഹിതമായി നിഷേധിച്ചു. സംസ്ഥാനത്തെ മതനിരപേക്ഷ പാരമ്പര്യവും സാമുദായിക ഐക്യവും തകർക്കാൻ കോർപ്പറേറ്റ്– വർഗീയ കൂട്ടുകെട്ട് നടത്തുന്ന ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രത്തിന്റെ നെറികേടുകൾക്കെതിരെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സംരക്ഷിക്കുന്നതിനുമുള്ള ധീരമായ പോരാട്ടം തുടരുന്ന കേരളത്തിലെ തൊഴിലാളിവർഗ–-കർഷക പ്രസ്ഥാനങ്ങളെ സമ്മേളനം അഭിവാദ്യം ചെയ്‌തു.
കേരളത്തിലെ ബദൽ നയങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനും അത്തരം അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങൾ ശക്തമാക്കാനും സിഐടിയു എല്ലാ യൂണിറ്റുകളോടും ആഹ്വാനംചെയ്‌തു. വിവേചനം ഒഴിവാക്കി സംസ്ഥാനത്തിന്റെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ഭരണഘടനയിൽ വാഗ്‌ദാനം ചെയ്യുന്ന ഫെഡറലിസം ഉയർത്തിപ്പിടിക്കണമെന്നും സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാൻ സമ്മേളനം കേരളത്തിലെ തൊഴിലാളികളോട് ആഹ്വാനംചെയ്‌തു.










0 comments