ad
Deshabhimani

മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒന്നിക്കുക ; പലസ്‌തീൻ ജനതയ്‌ക്ക്‌ 
ഐക്യദാർഢ്യം

print edition സിഐടിയു അഖിലേന്ത്യാ സമ്മേളനം ; ഐക്യ പോരാട്ടത്തിന് ആഹ്വാനം

citu vishakhapattanam
avatar
വിജേഷ്‌ ചൂടൽ

Published on Jan 02, 2026, 02:29 AM | 1 min read


ആനത്തലവട്ടം ആനന്ദൻ നഗർ 
(വിശാഖപട്ടണം)

മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബഹുജന പിന്തുണയോടെ തൊഴിലാളികളുടെയും കർഷകരുടെയും യോജിച്ച പോരാട്ടം പ്രഖ്യാപിച്ച് സിഐടിയു. പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ രണ്ടാംദിനം തൊഴിലാളിവർഗത്തിന്റെ പ്രത്യയശാസ്ത്ര വ്യക്തതയും ദൃഢനിശ്ചയവും പ്രകടമാക്കി മൂന്ന് നിർണായക പ്രമേയങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കൽ, ദേശീയ പരമാധികാരം അടിയറവയ്ക്കൽ എന്നിവക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ സമ്മേളനം, പലസ്തീൻ ജനതയുടെ വിരോചിതമായ പോരാട്ടത്തോട് അചഞ്ചലമായ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


ഗ്രാമീണ ജനതയുടെ അവകാശങ്ങൾ തകർക്കാൻ രൂപകൽപ്പനചെയ്ത പിന്തിരിപ്പൻ നിയമമായ വിബി ജി ആർഎഎം ജി പിൻവലിക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയെ ശക്തിപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഗാസയിലെ വംശഹത്യയെ അപലപിച്ചും പലസ്തീൻ ജനതയുടെ പോരാട്ടത്തെ അഭിവാദ്യം ചെയ്തുമുള്ള പ്രമേയം ജെ മേഴ്സിക്കുട്ടിഅമ്മ അവതരിപ്പിച്ചപ്പോൾ ആവേശഭരിതമായ മുദ്രാവാക്യങ്ങളോടെ സമ്മേളനം അംഗീകരിച്ചു. സാർവദേശീയ തൊഴിലാളിവർഗ ഐക്യദാർഢ്യത്തിന്റെ പ്രകടനമായി നേതാക്കളും പ്രതിനിധികളും പലസ്തീൻ പതാകയേന്തി. ഇന്ത്യയുടെ ആണവ പരമാധികാരം അമേരിക്കൻ സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്ക് അടിയറവയ്ക്കുന്ന ‘ശാന്തി' നിയമത്തിനെതിരായ പ്രമേയവും അംഗീകരിച്ചു.


​ നവലിബറൽ, കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരെ തൊഴിലാളി-–കർഷക–-ബഹുജന ഐക്യം കൂടുതൽ ശക്തമാകുമെന്ന പ്രഖ്യാപനവുമായി വർഗ ബഹുജന സംഘടന ഭാരവാഹികൾ സമ്മേളനത്തെ അഭിവാദ്യംചെയ്തു. അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്, ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി ഹിമഘ്നരാജ് ഭട്ടാചാര്യ, എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ ആദ്യ ഭാഗത്തിന്മേൽ പൊതുചർച്ച പൂർത്തിയായി. തുടർന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളിയാഴ്ച ചർച്ചയ്‌ക്കുശേഷം ബദലുകളും ഭാവി കടമകളും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കും. ഞായറാഴ്ച വൈകിട്ട് അംബേദ്കർ സ്റ്റാച്ച്യുവിലെ ആർടിസി കോംപ്ലക്സിൽ റാലിയോടെ സമ്മേളനം സമാ
പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home