കൂടുതൽ തൊഴിൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും: തപൻ സെൻ
print edition സിഐടിയു അഖിലേന്ത്യാ സമ്മേളനം ; പുതുമുന്നേറ്റത്തിന് രൂപരേഖ


വിജേഷ് ചൂടൽ
Published on Jan 03, 2026, 12:45 AM | 3 min read
ആനത്തലവട്ടം ആനന്ദൻ നഗർ (വിശാഖപട്ടണം )
മോദി സർക്കാരിന്റെ കോർപറേറ്റ് അനുകൂല ജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ യോജിച്ച മുന്നേറ്റത്തിന് ആഹ്വാനം ചെയ്ത് സിഐടിയു പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനം. പുതുമുന്നേറ്റത്തിനായി ഏറ്റെടുക്കേണ്ട ബദലുകളും ദൗത്യങ്ങളും സംബന്ധിച്ച രൂപരേഖ വെള്ളിയാഴ്ച ജനറൽ സെക്രട്ടറി തപൻ സെൻ അവതരിപ്പിച്ചു. ശനിയാഴ്ച ഇതിൻമേൽ നടക്കുന്ന വിശദമായ ചർച്ചകൾക്കുശേഷം സമ്മേളനം അംഗീകരിക്കും.
ജനങ്ങളെയും തൊഴിലാളികളെയും ബാധിക്കുന്ന വിഷയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ വർഗീയ വിഭജന അജൻഡ മോദി സർക്കാർ ആസൂത്രിതമായി നടപ്പാക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. ഇതിനെ ചെറുക്കാൻ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കേണ്ട ആവശ്യകത പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പുതിയ തൊഴിൽ മേഖലകളിലേക്ക് കൂടുതൽ ശക്തമായി പ്രവർത്തനം വ്യാപിപ്പിക്കേണ്ടതിന്റെ അനിവാര്യതയും ചർച്ചയായി. സിഐടിയു സ്വന്തം നിലയ്ക്കു രാജ്യവ്യാപകമായി ശേഷി വർധിപ്പിക്കുക, ട്രേഡ് യൂണിയൻ ഐക്യം ശക്തമാക്കുക, കർഷക, കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുമായി ചേർന്ന് യോജിച്ച പോരാട്ടമുയർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഭാവിപ്രവർത്തനങ്ങൾ ആവിഷ്കരിക്കുക. കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരായ നിരന്തരമായ സമരങ്ങളുടെ ആവശ്യകത മുൻനിർത്തിയുള്ള തീരുമാനങ്ങളാകും സമ്മേളനം കൈക്കൊള്ളുക.
ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ടിൻമേലുള്ള ചർച്ച പൂർത്തിയായി. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഭാരവാഹികളെയും ജനറൽ കൗൺസിലിനെയും വർക്കിങ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും. വൈകിട്ട് തൊഴിലാളി റാലിയോടെ സമ്മേളനം സമാപിക്കും.
കൂടുതൽ തൊഴിൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും: തപൻ സെൻ
മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളിവർഗത്തിന്റെ യോജിച്ച പോരാട്ടം ശക്തവും വിപുലവും ആക്കുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ വ്യക്തമാക്കി. കൂടുതൽ തൊഴിൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. സിഐടിയുവിന്റെ സ്വതന്ത്ര ശക്തിയും ട്രേഡ് യൂണിയൻ ഐക്യവും കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ് പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിൽ നടക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലേബർ കോഡുകൾക്കെതിരെ ഫെബ്രുവരി 12ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്ക് വൻ വിജയമാക്കും. ജനവിരുദ്ധ നയങ്ങൾ പൂർണമായി പൊളിച്ചെഴുതുകയാണ് വേണ്ടതെന്നും അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോർപ്പറേറ്റുകൾക്ക് കൊള്ളലാഭം ഉണ്ടാക്കാൻ സഹായിക്കുന്ന നയങ്ങളാണ് മോദി സർക്കാർ പിന്തുടരുന്നത്. സാധാരണക്കാരുടെ വരുമാന വിഹിതം 10 ശതമാനത്തിൽ താഴെയായി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ ഹീനമായ വർഗീയ പ്രചാരണമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനെയെല്ലാം ഐക്യത്തോടെ ചെറുത്തുതോൽപ്പിച്ചാണ് നിരവധി സമരങ്ങളിൽ രാജ്യത്തെ തൊഴിലാളികൾ വിജയം കൈവരിച്ചത്. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെയും സാംസങ് ജീവനക്കാരുടെയും വൈദ്യുതി തൊഴിലാളികളുടെയും ഉൾപ്പെടെ സമരാനുഭവങ്ങൾ സമ്മേളനത്തിൽ പങ്കുവച്ചു. ഇതിന്റെ അനുഭവങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ശക്തമായ മുന്നേറ്റത്തിന് സമ്മേളനം തീരുമാനമെടുക്കുമെന്ന് തപൻ വ്യക്തമാക്കി.
സമരങ്ങൾ എപ്രകാരമാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്നത് സംബന്ധിച്ച നിർദേശങ്ങൾ സംസ്ഥാന ഘടകങ്ങളും യൂണിയനുകളും ഫെഡറേഷനുകളും പങ്കുവച്ചു. രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ മുന്നേറ്റത്തിനുള്ള സമഗ്രമായ പദ്ധതി സമ്മേളനം ചർച്ചചെയ്ത് അംഗീകരിക്കും. ചർച്ചയിൽ വിലപ്പെട്ട നിർദേശങ്ങളാണ് പ്രതിനിധികൾ മുന്നോട്ടുവച്ചത്. ഭാവി ദൗത്യങ്ങളും പ്രവർത്തനങ്ങളും വ്യക്തമാക്കുന്ന രൂപരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും തപൻ സെൻ പറഞ്ഞു.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരണം ; കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കം ചെറുക്കും : ജെ അയോധ്യ റാം
പൊതുമേഖലാ വ്യവസായ സ്ഥാപനമായ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരിച്ച് കോർപറേറ്റുകൾക്ക് തീറെഴുതാൻ ആസൂത്രിത നീക്കം. തൊഴിലാളികളുടെ അനുപമവും ഉജ്വലവുമായ ചെറുത്തുനിൽപ്പ് മൂലമാണ് ഗൂഢലക്ഷ്യം നടപ്പാക്കാൻ ഇതുവരെയും കേന്ദ്രസർക്കാരിന് കഴിയാത്തത്. 2021 ഫെബ്രുവരിയിൽ ആരംഭിച്ച ഐതിഹാസിക പ്രക്ഷോഭം അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ രാജ്യത്തെ തൊഴിലാളിവർഗ സമര ചരിത്രത്തിൽ ഉജ്വല അധ്യായം എഴുതിച്ചേർത്തു. പ്ലാന്റ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തൊഴിലാളികൾ തടയുമെന്ന് സമരസമിതി കൺവീനറും സിഐടിയു നേതാവുമായ ജെ അയോധ്യ റാം ‘ദേശാഭിമാനി’യോട് പറഞ്ഞു.
32 പേർ ജീവൻ ബലിയർപ്പിച്ച ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ബഹുജന പ്രസ്ഥാനത്തിൽനിന്ന് പിറവിയെടുത്ത സ്ഥാപനമാണ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്. 1982ൽ സ്ഥാപിതമായ പ്ലാന്റ് ജനകീയ പോരാട്ടത്തിന്റെയും ദേശീയ സ്വാശ്രയത്വത്തിന്റെയും പ്രതീകമാണ്. ആയിരക്കണക്കിന് കർഷകരുടെ ഭൂമി ഏറ്റെടുത്താണ് 22000 ഏക്കറിൽ പ്ലാന്റ് സ്ഥാപിച്ചത്. ഒരു ലക്ഷത്തോളം പേർക്ക് നേരിട്ടും അല്ലാതെയും ഉപജീവനമാർഗം ആയിരുന്ന സ്ഥാപനം ഏതുവിധേനയും തകർക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2021 ജനുവരി 27നാണ് കേന്ദ്ര കാബിനറ്റ് കമ്മിറ്റി പ്ലാന്റിനെ 100 ശതമാനവും സ്വകാര്യവൽക്കരിക്കാൻ തീരുമാനമെടുത്തത്. ഫെബ്രുവരി രണ്ടിന് വാർത്ത പുറത്തുവന്നയുടൻ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. ധർണകളും സത്യഗ്രഹങ്ങളും കായികമായി തന്നെയുള്ള ചെറുത്തുനിൽപ്പും പല ഘട്ടങ്ങളിലായി നടന്നു. ‘വിശാല ഉക്കു ആന്ധ്ര ഉക്കു’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രക്ഷോഭം മുന്നേറുന്നത്.
സ്വകാര്യവൽക്കരിക്കാനുള്ള നീക്കം തൊഴിലാളികൾ ഒന്നടങ്കം മുന്നിട്ടിറങ്ങി തടഞ്ഞതോടെ പലതരത്തിലുള്ള അട്ടിമറി ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സ്ഥാപനത്തെ ഒന്നാകെ വിറ്റഴിക്കാൻ തൊഴിലാളികൾ അനുവദിക്കില്ലെന്ന് മനസ്സിലാക്കി ഇപ്പോൾ പല വിഭാഗങ്ങളായി തിരിച്ച് സ്വകാര്യവൽക്കരണത്തിന് നീക്കം നടത്തുകയാണ്. ഈ ഗൂഢനീക്കത്തെയും അതീവ ജാഗ്രതയോടെയാണ് തൊഴിലാളികൾ നോക്കി കാണുന്നത്. പ്ലാന്റിന് ‘സാമ്പത്തിക പാക്കേജ്' എന്ന പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അയോധ്യ റാം പറഞ്ഞു.
സ്ഥാപനത്തെ നഷ്ടത്തിലാക്കി തകർക്കാനും പിന്നീട് അക്കാരണം ചൂണ്ടിക്കാട്ടി കോർപ്പറേറ്റുകൾക്ക് തീറെഴുതാനുമാണ് നീക്കം. 10,000 സ്ഥിരം, കരാർ തൊഴിലാളികളെ പുറത്താക്കിയത് പ്ലാന്റിനെ നഷ്ടത്തിലേക്ക് തള്ളിവിടാനുള്ള തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റീൽ പ്ലാന്റ് തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് വനിതാ പ്രതിനിധികൾ
അഞ്ചുവർഷമായി സമരം തുടരുന്ന വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ. ജെ മേഴ്സിക്കുട്ടിഅമ്മ, എ ആർ സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് സമരവേദി സന്ദർശിച്ചത്.
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിനെ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള മോദി സർക്കാരിന്റെ നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഉജ്വലമായ പോരാട്ടത്തിലൂടെയാണ് സ്ഥാപനത്തെ തൊഴിലാളികൾ സംരക്ഷിച്ചു നിർത്തുന്നത്. തന്ത്രപ്രധാന മേഖലയിലുള്ള പൊതുമേഖലാ സ്ഥാപനത്തെ കോർപറേറ്റുകൾക്ക് സൗജന്യമായി തീറെഴുതാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഇതിനെതിരെ തൊഴിലാളികൾ നടത്തുന്ന ചെറുത്തുനിൽപ്പിന് രാജ്യത്തിന്റെ ആകെ പിന്തുണ ഉണ്ടാകുമെന്ന് നേതാക്കൾ ഉറപ്പുനൽകി.










0 comments