ad
Deshabhimani

print edition ബിജെപിയെ പുറത്താക്കാൻ ഒറ്റക്കെട്ടാവാം

citu all india conference

സിഐടിയു അഖിലേന്ത്യ സമ്മേളനത്തെ അഭിവാദ്യം ചെയ്യാനെത്തിയ വിവിധ കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ തപന്‍ സെന്നിനും കെ ഹേമലതയ്ക്കും ഒപ്പം

വെബ് ഡെസ്ക്

Published on Jan 01, 2026, 12:54 AM | 1 min read

സഖാവ് ആനത്തലവട്ടം ആനന്ദൻ നഗർ
( വിശാഖപട്ടണം): തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ യോജിച്ച പോരാട്ടത്തെ വർഗീയതയുടെ വിദ്വേഷ രാഷ്ട്രീയത്താൽ അട്ടിമറിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന് താക്കീതായി സിഐടിയു അഖിലേന്ത്യ സമ്മേളനം. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും നേതാക്കൾ യോജിച്ച സമരമുഖം ശക്തിപ്പെടുത്താൻ സന്നദ്ധത പ്രഖ്യാപിച്ച് സമ്മേളനവേദിയിലെത്തി. ഇന്ത്യൻ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുന്നതിലും ട്രേഡ് യൂണിയൻ സംയുക്തവേദി സുസജ്ജമാക്കുന്നതിലും സിഐടിയുവിന്റെ നേതൃത്വം അവർ എടുത്തുപറഞ്ഞു.


​രാജ്യം അഭിവൃദ്ധി പ്രാപിക്കണമെങ്കിൽ തൊഴിലാളികളുടെ ഐക്യ സമരങ്ങളിലൂടെ ബിജെപിയെ പുറത്താക്കണമെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ ആഹ്വാനംചെയ്തു. വിശാഖ് സ്റ്റീൽ പ്ലാന്റിന്റെ സ്വകാര്യവൽക്കരണം തടയാനും തൊഴിൽ കോഡുകൾ റദ്ദാക്കാനും അവതരിപ്പിച്ച പ്രമേയങ്ങൾ പ്രധാനമാണെന്നും എഐടിയുസി പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു.


ട്രേഡ് യൂണിയനുകളുടെ യോജിച്ച പോരാട്ടം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറി മന്ത്രി രാജശേഖർ പറഞ്ഞു. തൊഴിലാളിവിരുദ്ധ നയങ്ങൾ പിൻവലിപ്പിക്കാനുള്ള ഏക അഭയം ഐക്യ സമരങ്ങളാണെന്ന് എഐയുടിയുസി അഖിലേന്ത്യ എക്സിക്യൂട്ടീവ് അംഗം ജയസേന മെഹർ പറഞ്ഞു.


മോദിയുടെ ഭരണത്തിൽ തൊഴിലാളികൾക്ക് മോശം ദിനങ്ങളും കോർപറേറ്റുകൾക്ക് നല്ല ദിനങ്ങളുമാണെന്ന് ടിയുസിസി എക്സിക്യൂട്ടീവ് അംഗം ജി മധുസൂദനൻ പറഞ്ഞു. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങൾക്കിടയിലും തൊഴിലാളികളുടെ അവകാശ പോരാട്ടത്തിനുള്ള അഖിലേന്ത്യ വേദിയായി സിഐടിയു മാറിയെന്ന് സേവ വൈസ് പ്രസിഡന്റ് സോണിയ ജോർജ് പറഞ്ഞു. രാജ്യത്ത് തൊഴിലാളികൾക്കെതിരെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ആക്രമണം നടക്കുന്നുവെന്ന് എഐസിസിടിയു വൈസ് പ്രസിഡന്റ് ക്ലിഫ്റ്റൺ ഡി റൊസാരിയോ ചൂണ്ടിക്കാട്ടി. യുടിയുസി നേതാവ് ഷെകിസർ അപാസമിയും സംസാരിച്ചു.


സബ് കമ്മിറ്റികൾ


സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള വിവിധ സബ്കമ്മിറ്റികൾ രൂപീകരിച്ചു. പ്രസിഡന്റ് കെ ഹേമലതയും വൈസ് പ്രസിഡന്റുമാരും ഉൾപ്പെടുന്നതാണ് പ്രസീഡിയം. കേന്ദ്ര സെക്രട്ടറിയേറ്റ് സ്റ്റിയറിങ് കമ്മിറ്റിയായി പ്രവർത്തിക്കുന്നു. സബ് കമ്മിറ്റി കൺവീനർമാരായി എം സായിബാബു (ക്രഡൻഷ്യൽ), പി നന്ദകുമാർ (പ്രമേയം), ദീപ കെ രാജൻ (മിനുട്ട്സ്) എന്നിവരെ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home