print edition സാർവത്രിക പെൻഷൻ നടപ്പാക്കണം- സിഐടിയു

ആനത്തലവട്ടം ആനന്ദൻ നഗർ(വിശാഖപട്ടണം): എല്ലാ വയോജനങ്ങൾക്കും പ്രതിമാസം 5000 രൂപയിൽ കുറയാത്ത സാർവത്രിക പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് സിഐടിയു അഖിലേന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം. സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങൾക്കിടയിലും, രാജ്യത്ത് വയോധികരായ തൊഴിലാളികളുടെ ജീവിതസാഹചര്യം പരിതാപകരമാണ്.
ജിഡിപിയുടെ 50 ശതമാനത്തിന് തുല്യമായ സമ്പത്ത് ഉത്പാദിപ്പിക്കുന്ന അസംഘടിത, അനൗപചാരിക മേഖലയിലെ ദശലക്ഷക്കണക്കിന് തൊഴിലാളികൾ പെൻഷൻ ആനുകൂല്യമില്ലാതെ ദുരിതത്തിലാണ്. ജോലിചെയ്യുന്ന ജനസംഖ്യയുടെ താരതമ്യേന ചെറിയ വിഭാഗത്തിന് മാത്രമാണ് പെൻഷൻ ലഭിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം, ഏകദേശം 12 ശതമാനം മാത്രമാണ് വിവിധ പെൻഷൻ സംവിധാനങ്ങൾക്ക് കീഴിൽ വരുന്നത്. ഇപിഎഫ് പെൻഷൻ പദ്ധതിയെയും തകർക്കാൻ ബോധപൂർവമായ ശ്രമമാണ് മോദി സർക്കാർ നടത്തുന്നത്. തൊഴിലാളികളുടെ ശക്തമായ ചെറുത്തുനിൽപ്പിനെ തുടർന്നാണ് ചില തീരുമാനങ്ങളിൽനിന്ന് പിന്മാറേണ്ടിവന്നത്.
ചില സംസ്ഥാന സർക്കാരുകൾ ഗുണഭോക്താക്കളിൽ നിന്ന് ഒരു സംഭാവനയും സ്വീകരിക്കാതെ തന്നെ 1000 രൂപയോ അതിൽ കൂടുതലോ വാർധക്യ പെൻഷനായി നൽകുന്നുണ്ട്. 1000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്ന ഇപിഎഫ് പെൻഷൻകാർ ഉൾപ്പെടെയുള്ള എല്ലാ മുതിർന്ന പൗരർക്കും കേരള സർക്കാർ 2000 രൂപ നൽകുന്നുവെന്നും സമ്മേളനം പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. സാർവത്രിക സാമൂഹിക സുരക്ഷയ്-ക്കും എല്ലാവർക്കും പെൻഷൻ എന്ന ആവശ്യം നേടിയെടുക്കുന്നതിനുമുള്ള പോരാട്ടം ശക്തമാക്കാൻ എല്ലാ വിഭാഗം അധ്വാനിക്കുന്ന ജനങ്ങളോടും പെൻഷൻകാരോടും സമ്മേളനം ആഹ്വാനം ചെയ്‌തു.










0 comments