ad
Deshabhimani

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലല്ലെങ്കിൽ ‘ബോർഡ് ഓഫ് പീസ്’യിൽ ചേരില്ലെന്ന് ചൈന

china board of peace
വെബ് ഡെസ്ക്

Published on Jan 21, 2026, 05:32 PM | 1 min read

ബീജിംഗ്:ഗാസയ്ക്കായുള്ള സമാധാന നടപടികളുടെ മറവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെച്ച ‘ബോർഡ് ഓഫ് പീസ്’ ഐക്യരാഷ്ട്രസഭയുടെ(യുഎൻ)കീഴിലല്ലെങ്കിൽ അതിൽ ചേരുന്നതിനെക്കുറിച്ച് സംശയമുണ്ടെന്ന് ചൈന വ്യക്തമാക്കി.ഐക്യരാഷ്ട്രസഭയെ കേന്ദ്രമാക്കിയ അന്താരാഷ്ട്ര സംവിധാനത്തോടുള്ള ഉറച്ച പ്രതിബദ്ധതയും ചൈന ആവർത്തിച്ചു.


യഥാർത്ഥ ബഹുപക്ഷത്വത്തോടാണ് ചൈന എന്നും പ്രതിബദ്ധമായിരിക്കുന്നത്.ഐക്യരാഷ്ട്രസഭയെ കേന്ദ്രമാക്കിയ അന്താരാഷ്ട്ര സംവിധാനത്തെ ശക്തമായി സംരക്ഷിക്കും-ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


യുഎൻ നിലനിൽക്കുമായിരിക്കും പക്ഷേ, താൻ നിർദേശിച്ച ‘ബോർഡ് ഓഫ് പീസ്’ സംഘടന “പകരം വയ്ക്കാൻ സാധ്യതയുണ്ടെന്ന്” ട്രംപ് പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഗുവോയുടെ പ്രതികരണം.അന്താരാഷ്ട്ര സാഹചര്യങ്ങളിൽ എത്ര മാറ്റങ്ങളുണ്ടായാലും,യുഎൻ ചാർട്ടറിലെ ലക്ഷ്യങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര നിയമക്രമവും രാജ്യാന്തര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങളും സംരക്ഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


ചൊവ്വാഴ്ച, ‘ബോർഡ് ഓഫ് പീസ്’യിൽ ചേരാൻ അമേരിക്കയിൽ നിന്ന് ക്ഷണം ലഭിച്ചതായി ചൈന സ്ഥിരീകരിച്ചിരുന്നുവെങ്കിലും,അതിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് അറിയിച്ചിരുന്നു.


സ്വിറ്റ്സർലൻഡിലെ ഡാവോസിൽ ‘ബോർഡ് ഓഫ് പീസ്’ ഔപചാരികമാക്കുന്നതിനായി ട്രംപ് ഒപ്പുവെക്കൽ ചടങ്ങ് നടത്താനിരിക്കുകയാണ്.അതിൽ ചൈനീസ് പ്രതിനിധികൾ പങ്കെടുക്കുമോയെന്നും ചോദിച്ചപ്പോൾ,വിഷയത്തിൽ ചൈന ഇതിനകം പ്രതികരിച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതൽ വിവരങ്ങൾ നൽകാനില്ലെന്നും ഗുവോ പറഞ്ഞു.


ട്രംപ് ഭരണകൂടം ആഗോള ക്രമത്തിൽ സൃഷ്ടിച്ച “അവ്യവസ്ഥ”യെക്കുറിച്ചും ചോദ്യങ്ങളുണ്ടായി.അത്തരം സാഹചര്യം ചൈന സ്വാഗതം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിനും ഗുവോ മറുപടി നൽകി.ആഗോള സാഹചര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടായാലും,ഐക്യരാഷ്ട്ര സഭയെ കേന്ദ്രമാക്കിയ അന്താരാഷ്ട്ര സംവിധാനം,അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയ ലോക ക്രമം,യുഎൻ ചാർട്ടറിന്റെ തത്വങ്ങളിൽ അധിഷ്ഠിതമായ രാജ്യാന്തര ബന്ധങ്ങളുടെ മാനദണ്ഡങ്ങൾ എന്നിവ സംരക്ഷിക്കുന്നതാണ് എല്ലാ രാജ്യങ്ങളുടെയും പൊതു താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home