print edition പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി സംഘപരിവാർ നേതാക്കളുടെ മക്കൾ

ന്യൂഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജിക്കുകാരണമായ വിദ്യാർഥി– യുവജന പ്രക്ഷോഭത്തെ പിന്തുണച്ച് സംഘപരിവാർ നേതാക്കളുടെ മക്കൾ രംഗത്തുവരുന്നു. ഉത്തർപ്രദേശിൽ ബിജെപി എംഎൽഎയായിരുന്ന വിക്രം സിങിന്റെ മകൾ യശസ്വിനി രാജെ സിങ് ആണ് ഒടുവിൽ ഐക്യദാർഢ്യമറിയിച്ചത്. ദേശവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കാതിരിക്കാനാണ് രാജിയെന്ന ധർമേന്ദ്ര പ്രധാന്റെ ന്യായീകരണത്തെ യശസ്വിനി വിമർശിച്ചു. ‘രക്തസാക്ഷിയെന്ന മട്ടിലാണ് പ്രധാന്റെ പടിയിറക്കം. പുതിയ വിദ്യാഭ്യാസ മന്ത്രിയും തമാശയാണ്. രാഷ്ട്രീയചിന്ത ഇല്ലാത്തവരിലേക്ക് കൂടി വിഷയത്തിന്റെ ഗൗരവമെത്തിക്കാൻ കഴിഞ്ഞതാണ് ജന്തർമന്തർ സമരത്തിന്റെ വിജയം.’– ചാനലിന് നൽകിയ അഭിമുഖത്തിൽ യശസ്വിനി പറഞ്ഞു.
ഒഡീഷയിലെ ബിജെപി എംപി അപരാജിത സാരംഗിയുടെ മകൾ അർച്ചിത സച്ചിൽ റഹറും പ്രക്ഷോഭത്തെ പിന്തുണച്ചിരുന്നു. മാതാപിതാക്കൾ പ്രധാനൊപ്പമാണെന്നും എന്നാൽ താൻ വിദ്യാർഥികൾക്കൊപ്പമാണെന്നും അർച്ചിത ഇൻസ്‌റ്റയിൽ കുറിച്ചു. പോസ്‌റ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാന്റെ വിശ്വസ്‌തർ അപരാജിതയെ സമീപിച്ചു. ഇക്കാര്യവും അർച്ചിത വെളിപ്പെടുത്തിയതോടെ സംഘപരിവാർ പ്രതിരോധത്തിലായി. അസമിലെ ബിജെപി സർക്കാരിൽ റവന്യൂ മന്ത്രിയായ കേശബ് മഹന്തയുടെ മകൾ ദിബിസ മഹന്തയും പ്രക്ഷോഭത്തിന് ഐക്യദാർഢ്യമറിയിച്ചു.










0 comments